മുക്കം: ശ്യാമളയും വിജയനും വീടെന്ന സ്വപ്നത്തിന് അരികിലാണ്. വാടക വീടുകളിൽ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് വീട് പണിയാനുള്ള സ്ഥലം നാട്ടുകാരുടെ സഹായത്താൽ ലഭിച്ചു. ഇനി കൂടൊരുങ്ങണം. കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ തയ്യൽതൊഴിലാളിയായ വിജയനും തൊഴിലുറപ്പു തൊഴിലാളിയായ ഭാര്യ ശ്യാമളയ്ക്കും വിടോ സ്ഥലമോ ഉണ്ടായിരുന്നില്ല. വാടക വീട്ടിൽ കഴിയവെയാണ് കൊവിഡ് പ്രതിസന്ധി പടർന്നത്. ഇതോടെ വരുമാനം നിലച്ചു. വാടക മുടങ്ങിയതോടെ വീടുവിട്ടിറങ്ങേണ്ടി വന്നു. കുറച്ചുകാലം ബന്ധു വീട്ടിൽ താമസിച്ചു. എന്നാൽ അധികകാലം കഴിയാൻ മനസ് അനുവദിച്ചില്ല. എവിടെ പോകുമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് വീട്ടമ്മയായ റുക്കിയ മകന് വീട് വയ്ക്കാൻ കണ്ടെത്തിയ സ്ഥലത്ത് ഷെഡ്ഡ് പണിത് താമസിക്കാൻ അനുവദിച്ചത്.ശ്യാമളയുടെ കൂട്ടുകാരായ തൊഴിലുറപ്പു തൊഴിലാളികൾ ഷെഡ് നിർമ്മിച്ചു നൽകി. ഇതിനിടെയാണ് കാരമൂല കളരിക്കണ്ടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സഹായത്തിനെത്തുന്നത്. കാരശ്ശേരി പഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമത്തിൽ സ്ഥലം കണ്ടെത്തുകയും അതിനാവശ്യമായ പണം സ്വരൂപിക്കുകയുമായിരുന്നു. നാലു സെന്റ് സ്ഥലമാണ് രജിസ്റ്റർ ചെയ്തു നൽകിയത്. കഴിഞ്ഞ ദിവസംകളരിക്കണ്ടിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ.ഷഹിൻ ആധാരം ശ്യാമളയ്ക്കും വിജയനും കൈമാറി. സഹായ കമ്മിറ്റി ചെയർമാൻ കെ.അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷീദ് ഒളകര, അഷ്റഫ് തച്ചാറമ്പത്ത്, എം.ടി.അഷ്റഫ്, യൂത്ത് കോൺഗ്രസ് നേതാക്കളായ പി.എൻ. ജംനാസ് ,സഹീർ എരഞ്ഞോണ, ഷാനിബ് ചോണാട്, ദിഷാൽ,കെ.കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.