
കോഴിക്കോട്: ജില്ലയിലെ തീരദേശങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പുരോഗതിക്കായി എം.ഇ.എസ് വർഷങ്ങളായി നടത്തുന്ന 'കോസ്റ്റൽ വിദ്യാദർശക്' പദ്ധതിയിലെ വിദ്യാർത്ഥികൾക്കായി 'കോൺഫിഡൻസ് 10/10 ക്യാമ്പ് നടത്തി. കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ ഉദ്ഘാടനം ചെയ്തു. തീരദേശത്തെ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിലേക്ക് വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം എത്തിക്കാൻ കഴിയുന്ന വ്യത്യസ്തമായ പദ്ധതിയാണ് എം.ഇ.എസ് വിഭാവനം ചെയ്തതെന്നും ഇത് ഇതര രംഗത്തെ മറ്റു സംഘടനകൾക്കും മാതൃകയാക്കാവുന്നതാണെന്നും അവർ പറഞ്ഞു. എം. ഇ.എസ് ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ. യഹിയ ഖാൻ വിഷയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി.ടി.സക്കീർ ഹുസൈൻ, വി.പി അബ്ദുറഹിമാൻ, ജില്ലാ ഭാരവാഹികളായ പി.ടി.ആസാദ്, ബി.എം.സുധീർ, പി.പി.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എ.ടി.എം.അഷറഫ് സ്വാഗതവും ട്രഷറർ കെ.വി.സലിം നന്ദിയും പറഞ്ഞു.