salt
ഉപ്പിലിട്ടത്

കോഴിക്കോട് : കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറവെ ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാർക്ക് തിരിച്ചടിയായി കോർപ്പറേഷൻ ഏർപ്പെടുത്തിയ ഉപ്പിലിട്ടത് വിൽക്കുന്നതിനുള്ള വിലക്ക് നീക്കി. പ്രതിഷേധങ്ങൾക്ക് ഒടുവിൽ കർശന നിബന്ധനയോടെയാണ് അനുമതി.
വിനോദ സഞ്ചാരികളായി ബീച്ചിലെത്തിയ കാസർകോട് സ്വദേശികളായ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കുടിച്ച് പൊള്ളലേറ്റ സംഭവത്തോടെയാണ് ഉപ്പിലിട്ടതിന് നിരോധനം വന്നത്. എന്നാൽ ബീച്ചിലെ മുഴുവൻ കടകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിൽ കച്ചവടക്കാർക്കിടയിൽ വൻ പ്രതിഷേധമുയർന്നു. നിരോധനം നീക്കിയത് ഏറെ ആശ്വാസം തരുന്നതായി ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാർ പറയുന്നു. മേയ‌ർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ വിൽപ്പനക്കാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. എഫ്.എസ്.എ.ഐ നിഷ്കർഷിക്കുന്ന ഗുണമേന്മയുള്ള വിനാഗിരി ഉപയോഗിച്ചുള്ള ഉപ്പിലിട്ടത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു, ഫുഡ് സേഫ്റ്റി വ്യവസ്ഥകൾ പാലിക്കണം, അസിഡിക് ലായനികൾ ഉപയോഗിക്കാൻ പാടില്ല. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, ഐസ് ഉരച്ച് തയ്യാറാക്കുമ്പോൾ വൃത്തിയുള്ള ടർക്കികൾ ഉപയോഗിക്കുക,​ ഹെൽത്ത് കാർഡ് എല്ലാ കച്ചവടക്കാരും കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട് . ഐ.ഡി കാർഡ്,​ കോർപ്പറേഷൻ ലൈസൻസ് , ഫുഡ് സേഫ്റ്റി ലൈസൻസ് , എന്നിവ ഉണ്ടായിരിക്കണം. സുതാര്യമായ പാത്രങ്ങളിൽ മാത്രമെ കുടിവെള്ളം സൂക്ഷിക്കുവാൻ പാടുള്ളു എന്നിവയാണ് പ്രധാന നിബന്ധനകൾ. കച്ചവട സംഘടനാ പ്രതിനിധികൾ നഗരസഭാ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഉറപ്പ് നൽകി. ഡെപ്യൂട്ടി മേയർ പി. മുസാഫർ അഹമ്മദ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ, നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ തുടങ്ങിയവർ പങ്കെടുത്തു.

ലൈസൻസുള്ള കടകൾക്ക് മാത്രമായിരിക്കും കച്ചവടം ചെയ്യാൻ അനുമതിയെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു.