കോഴിക്കോട് : കൊടുവള്ളി ദേശീയപാതയിൽ നഗരത്തിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്ന ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കുറ്റമറ്റ രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം.
പൊതുമരാമത്ത് (ദേശീയപാതാ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.
മദ്രസ അങ്ങാടിക്കുസമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു ബൈക്ക് യാത്രികരും ഒരു കാൽനട യാത്രക്കാരനും മരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന പരാതി കമ്പനി നിഷേധിച്ചെങ്കിലും ആവശ്യമായ മുൻകരുതലുകൾ ബോർഡുകൾ സ്ഥാപിക്കുന്നതിൽ കമ്പനിക്ക് വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് എക്സിക്യുട്ടീവ് എൻജിനിയറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. കമ്പനിയുമായുണ്ടാക്കിയ കരാറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവൃത്തി ചെയ്യേണ്ടതെന്ന് നിർദ്ദേശമുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനു വേണ്ടി കുന്ദമംഗലം എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു.