
കോഴിക്കോട്: രണ്ടാഴ്ചയായി എൻ.ജി. ഒ യൂണിയൻ കളക്ടറേറ്റിൽ നടത്തുന്ന സമരത്തിന് പരിഹാരം കാണാൻ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വിവാദ സ്ഥലംമാറ്റം റദ്ദ് ചെയ്യുംവരെ സമരം തുടരുമെന്ന് എൻ.ജി.ഒ യൂണിയൻ നോതാക്കൾ അറിയിച്ചു. സമരക്കാരെ ഇന്നലെ രാവിലെ 11 മണിക്കാണ് ജില്ലാ കളക്ടർ ഡോ. തേജ് പാൽ റെഡ്ഡി ചർച്ചയ്ക്ക് വിളിച്ചത്. സ്ഥലം മാറ്റിയ 16 വില്ലേജ് ഓഫീസർമാരിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ നേരിട്ട് ബോധിപ്പിക്കാമെന്നും കഴിയുമെങ്കിൽ അവർക്ക് സൗകര്യമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നൽകാമെന്നും കളക്ടർ അറിയിച്ചു. എന്നാൽ കളക്ടറുടെ നിർദ്ദേശം എൻ.ജി.ഒ യൂണിയൻ നേതാക്കൾക്ക് അംഗീകരിച്ചില്ല. മുഴുവൻ സ്ഥലമാറ്റവും റദ്ദ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ഇത് കളക്ടർക്കും സ്വീകാര്യമായില്ല. അതോടെ ബഹളമായി. തുടർന്ന് കൂടിയാലോചിച്ച് വിവരം അറിയിക്കാൻ കളക്ടർ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ഒന്നര മണിയോടെ വീണ്ടും നേതാക്കൾ ചർച്ചക്ക് എത്തിയെങ്കിലും നിർദ്ദേശം തങ്ങൾക്ക് സ്വീകാര്യമല്ലെന്നും സമരം തുടരുമെന്നും അറിയിച്ച് കളക്ടറേറ്റ് കവാടത്തിൽ സമരം തുടർന്നു. അതെസമയം എൻ.ജി.ഒ യൂണിയൻ നടത്തുന്ന സമരത്തിന് യാതൊരു ന്യായീകരണവും ഇല്ലെന്ന് ജോയിന്റ് കൗൺസിൽ നേതാക്കൾ പറഞ്ഞു. സ്ഥലം മാറ്റം ലഭിച്ച ജീവനക്കാർ അവിടെ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞു. അവർക്ക് യാതൊരു പരാതിയും ഇല്ല. എൻ.ജി. ഒ യൂണിയനിൽ നിന്നും എൻ.ജി.ഒ അസോസിയേഷനിൽ നിന്നും രാജി വച്ച് ധാരാളം ജീവനക്കാർ അടുത്ത കാലത്തായി ജോയിന്റ് കൗൺസിലിൽ ചേർന്നിട്ടുണ്ട്. ഇത് ചെറുക്കാനാണ് അപ്രഖ്യാപിത സമരമെന്നും അവർ ആരോപിച്ചു.