മുക്കം: ഉദ്യോഗസ്ഥന് പറ്റിയ കൈത്തെറ്റിൽ മുടങ്ങിയ നാലു മാസത്തെ പെൻഷന് 44 മാസം അലഞ്ഞിട്ടും രക്ഷയില്ലാതെ വൃദ്ധ കർഷകൻ. മുഖ്യമന്ത്രി, മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, പരാതി പരിഹാര സെൽ എന്നിവർക്കെല്ലാം അപേക്ഷ നൽകിയിട്ടും 80 കാരനായ ചാത്തമംഗലം പഞ്ചായത്തിലെ പാലാംകുന്നുമ്മൽ ഗോപാലന്റെ കാത്തിരിപ്പ് ഇപ്പോഴും നീളുകയാണ്. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഓഫീസിൽ കയറിയിറങ്ങിയതിന് കണക്കില്ല. മന്ത്രിമാർക്ക് നൽകുന്ന പരാതി നേരെയെത്തുക കൃഷി വകുപ്പ് ഡയറക്ടർക്ക്. അവിടുന്ന് നടപടിക്കായി കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് , അത് നേരെ ചാത്തമംഗലം കൃഷിഭവനിൽ.. വർഷങ്ങളായി ഇതാണ് സ്ഥിതി. പരാതിക്കാരന് പെൻഷൻ ലഭിച്ചുകൊണ്ടിരുന്നത് ചാത്തമംഗലം സർവീസ് സഹകരണ ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു. എന്നാൽ സേവന പെൻഷൻ പദ്ധതികൾ ഡി.ബി.ടി വഴി ദേശസാൽകൃത ബാങ്കിലൂടെ മാത്രം നൽകാനുള്ള തീരുമാനം വന്നപ്പോൾ അക്കൗണ്ട് നൽകാൻ കാലതാമസം വരുത്തിയെന്ന് പറഞ്ഞാണ് ഈ 'ശിക്ഷ ', എന്നാൽ അക്കൗണ്ട് വിവരം യഥാസമയം നൽകിയെന്നാണ് ഗോപാലൻ പറയുന്നത്. അതെസമയം പാലാം കുന്നുമ്മൽ ഗോപാലൻ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളും കർഷക പെൻഷന് അർഹനുമാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സാക്ഷ്യപ്പെടുത്തുന്നത്. ബൈപാസ് സർജറി കഴിഞ്ഞതിന്റെ പലവിധ പ്രയാസങ്ങളും വാർദ്ധക്യത്തിന്റെ അവശതയും അലട്ടുന്നതിനാൽ പെൻഷൻ തേടി അലയാൻ ശേഷിയില്ലെന്നാണ് ഗോപാലൻ പറയുന്നത്.