@ റോഡുകൾ വെട്ടിക്കീറുന്നതിനും മഴവെള്ളം നഷ്ടപ്പെടുന്നതിനും പരിഹാരം വേണം

വടകര: ടാറിംഗ് നടത്തി റോഡുകൾ ഉഷാറാക്കും പക്ഷേ രണ്ട് ദിവസം കഴിഞ്ഞാൽ കുത്തിപ്പൊളിക്കും! ഇതാണ് വടകര സംസ്ഥാന പാതയിലെ പല റോഡുകളുടേയും അവസ്ഥ. പൊട്ടിപ്പൊളിഞ്ഞ് കിടന്ന റോഡുകൾ ടാറിംഗ് നടത്തി ദിവസങ്ങൾക്കകമാണ് വിവിധ ആവശ്യങ്ങൾക്കായി കുത്തിപ്പൊളിക്കുന്നത്. പൈപ്പുകൾ സ്ഥാപിക്കുവാനും കേബിളുകൾ ഇടാനുമാണ് വിവിധ വകുപ്പുകളും കമ്പനികളും കുത്തിപ്പൊളിച്ച് കുഴിയാക്കുന്നത്. ഇതിൽ തന്നെവാട്ടർ അതോറിറ്റിയുടെ വകയായാണ് കൂടുതലും കുത്തിപ്പൊളിക്കൽ. റോഡുകളിൽ കുഴിയെടുത്താൽ ഉപയോഗം കഴിഞ്ഞ് ഉടൻ പഴയരീതിയിലാക്കണമെന്നാണ് നിയമം പറയുന്നതെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല.റോഡിലെ കുഴികൾ ഗതാഗതക്കുരുക്കടക്കം സൃഷ്ടിക്കുന്നതിനാൽ നാട്ടുകാർ വലഞ്ഞിരിക്കുകയാണ്. മഴയത്ത് ചെളിയിൽ കുളിച്ചും വേനൽക്കാലത്ത് പൊടിപടലത്തിൽ മുങ്ങിയും കഴിഞ്ഞുകൂടുകയാണ് ജനങ്ങൾ.

കൈനാട്ടി മുതൽ നാദാപുരം വരെ വരുന്ന സംസ്ഥാന പാത വീതി കൂട്ടി ടാർചെയ്തെങ്കിലും ഇവയുടെ ഇരുഭാഗത്തും മുള്ള ഭാഗങ്ങളിൽ പണി പൂർത്തിയായിട്ടില്ല.

@ റോഡിൽ വെള്ളം കളി,​ അധികൃതർ കണ്ണടയ്ക്കുന്നു

റോഡിൽ കുഴിയെടുക്കുന്നതു മൂലം കുടിവെള്ള പെെപ്പുകൾ പൊട്ടുന്നതും പതിവാകുകയാണ്. ഓർക്കാട്ടേരി, വെള്ളികുളങ്ങര, വള്ളിക്കാട് ഭാഗങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിൽ ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർ ശ്രദ്ധിക്കുന്നു പോലുമില്ല. വടകര ഒന്തം ഓവർ ബ്രിഡ്ജിൽ നിന്നും തുടങ്ങി സാന്റ്ബാങ്ക്സിൽ അവസാനിക്കുന്ന പൊതുമരാമത്ത് റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കൊയിലാണ്ടി വളപ്പ് ഭാഗത്ത് റോഡിന്റെ ഇരുഭാഗത്തേക്കും വെള്ളം ശക്തമായി ഒഴുകി വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. സാന്റ്ബാങ്ക്സ് റോഡ് പൊതുമരാമത്ത് വകുപ്പ് 5 കോടി ചെലവിൽ നവീകരണം നടത്തിയതിന് ശേഷം പത്തിലേറെ തവണ റോഡ് കുത്തിപൊളിക്കുകയുണ്ടായി.

ആധുനികതയിൽ വീതി കൂട്ടി റോഡുകൾ ഉയർത്തുമ്പോൾ ഇതിൽ കൂടിയുള്ള പൈപ്പ്ലൈനുകളുടെ സുരക്ഷിതത്വവും അറ്റകുറ്റപണികൾക്കായി റോഡ് വെട്ടിപ്പൊളിക്കാതെ യുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയരുകയാണ്. കൂടാതെ റോഡുകളോട് ചേർന്ന് നിർമ്മിക്കുന്ന ഡ്രൈനേജുകളിൽ കൂടിയുള്ള മഴവെള്ള ചോർച്ചയും ചർച്ചയാവുകയാണ്. വീതിയും ആഴവും ഏറെയുള്ള ഡ്രൈനേജിൽ ഒഴുകി എത്തുന്ന വെള്ളം നേരെ തോടുകളിലും മറ്റുമായി പുഴകളിൽ ചേരുകയാണ് ചെയ്യുന്നത്. ഇത് ഒഴിവാക്കാൻ ഡ്രൈനേജിന്റെ അടിഭാഗത്ത് ചെറുതുഷിരങ്ങൾ നല്കി വെള്ളം ഭൂമിയിൽ കുടിക്കാൻ പാകത്തിൽ സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം.

റോഡിന്റെ ഇരുവശത്തുമായി ജലവിതരണ പൈപ്പ് സ്ഥാപിക്കാനും റോഡിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും നടപടികൾ സ്വീകരിക്കുകയും വേണം. പി വി ഹാഷിം വാർഡ് കൗൺസിലർ