കൽപ്പറ്റ: വയനാട് പാക്കേജിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാപ്പി സംഭരണ പദ്ധതിയിൽ ഫെബ്രുവരി 24 വരെ രജിസ്റ്റർ ചെയ്യാം. ഒന്നാം ഘട്ടത്തിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന കർഷകർക്ക് കൃഷിഭവനുകൾ വഴി അപേക്ഷ നൽകാം. ജില്ലാ കളക്ടർ അദ്ധ്യക്ഷയായ ബത്തേരി കാർഷിക മൊത്തവ്യാപാര വിപണിയുടെ മാർക്കറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയാണ് കർഷകരുടെ ആവശ്യം പരിഗണിച്ച് അപേക്ഷ തീയതി നീട്ടി നൽകിയത്. പഞ്ചായത്ത് തലത്തിൽ നിശ്ചയിക്കുന്ന ദിവസം നിശ്ചിത സംഭരണ കേന്ദ്രത്തിൽ നിന്നാണ് ഫെബ്രുവരി 26 മുതൽ മാർച്ച് 2 വരെ കാപ്പി സംഭരിക്കുക.
ഒന്നാം ഘട്ടത്തിൽ ജില്ലയിലെ 1151 കർഷകരിൽ നിന്ന് 310 ടൺ കാപ്പി സംഭരിച്ചിരുന്നു. ജനുവരി 31 വരെ കൃഷിഭവനുകളിൽ രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്നാണ് ഉണ്ടകാപ്പി മൂന്ന് ഏജൻസികൾ വഴി അമ്മായിപ്പാലം കാർഷിക മൊത്തവ്യാപാര വിപണി വഴി സംഭരിച്ചത്. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, വാസുകി ഫാർമേഴ്സ് സൊസൈറ്റി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എന്നീ ഏജൻസികൾ മുഖേനയായിരുന്നു സംഭരണം. വിപണി വിലയേക്കാൾ കിലോയ്ക്ക് 10 രൂപ അധികം നൽകിയാണ് കർഷകരിൽ നിന്ന് ഉണ്ടകാപ്പി സംഭരിക്കുന്നത്.