കോഴിക്കോട്: കൊവിഡ് നിയന്ത്രണം അയഞ്ഞ് വീണ്ടും കുട്ടികൾ കൂട്ടമായെത്തിയതോടെ വിദ്യാലയങ്ങളിൽ സന്തോഷ പൂത്തിരി കത്തി. കൊവിഡ് വ്യാപനം കുറഞ്ഞതിനാലാണ് ഇന്നലെ മുതൽ പൂർണ സമയ ക്ലാസുകൾ തുടങ്ങിയത്. ഷിഫ്റ്റുകളാക്കി ആഴ്ചയിൽ മൂന്നുദിവസം വീതം പ്രവർത്തിച്ച ക്ലാസുകൾ സാധാരണ നിലയിലായതോടെ നഗരവും തിരക്കിലായി. ഇന്നലെ വൈകീട്ട് വിദ്യാലയങ്ങൾക്ക് മുന്നിലെ ബസ്‌സ്റ്റോപ്പുകളും പരിസരവും കുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു. ബസ് കിട്ടാനുള്ള പതിവ് പരക്കം പാച്ചിലും കുത്തിനിറച്ചുള്ള യാത്രകളും കാണാമായിരുന്നു. 23 മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നത്. ജില്ലയിൽ വിവിധ സ്‌കൂളുകളിലായി ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിൽ 3,48,585 വിദ്യാർത്ഥികളും 16,774 അദ്ധ്യാപകരും ഇന്നലെ സ്‌കൂളുകളിലെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 56,903 വിദ്യാർത്ഥികളും 2,846 അദ്ധ്യാപകരും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,505 വിദ്യാർത്ഥികളും 322 അദ്ധ്യാപകരും സ്‌കൂളുകളിലെത്തി.
ദീർഘനാളത്തെ ഇടവേള കഴിഞ്ഞ് സ്‌കൂൾ മുറ്റത്ത് എത്തിയതിന്റെയും സുഹൃത്തുക്കളെ കണ്ടതിന്റെയും സന്തോഷം കുട്ടികളിലും ആവേശമുണ്ടാക്കി. വിദ്യാർത്ഥികളെ സ്വീകരിക്കാൻ ജില്ലയിലെ സ്‌കൂളുകളിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് ക്ലാസ് മുറികൾ ശുചീകരിച്ചിരുന്നു, സാനിറ്റൈസർ, കൈകഴുകൽ ക്രമീകരണങ്ങളും ഉറപ്പുവരുത്തി.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും സ്‌കൂളുകളുടെ പ്രവർത്തനം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുംവിധമാണ് സ്‌കൂളുകളിലെ ക്രമീകരണം. പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചത്.