plant
വെള്ളയിൽ ആവിക്കൽതോട് കോർപ്പറേഷൻ നിർമ്മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ സമരം നടത്തിയ കൗൺസിലർക്കെതിരെ ഭരണപക്ഷ കൗൺസിലർ നടത്തിയ മോശം പരാമർശത്തിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച്

കോഴിക്കോട്: വെള്ളയിൽ ആവിക്കൽതോട് മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തതിന് സ്ഥലം കൗൺസിലർ സൗഫിയ അനീഷിനെതിരെ ഭരണപക്ഷ കൗൺസിലറുടെ തെറി അഭിഷേകം. ഇന്നലെ കോർപറേഷൻ ഓഫീസിൽ വെച്ച് ഭരണപക്ഷ അംഗം അരക്കിണർ വാർഡ് കൗൺസിലർ ടി.കെ ഷമീന കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ശകാരിച്ചെന്നാണ് ആക്ഷേപം. സൗഫിയ നൽകിയ പരാതിയിൽ കൗൺസിലർ ഷമീനയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചു. കൗൺസിലർ സൗഫിയയെ ശകാരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരായ കെ.സി.ശോഭിത, കെ.മൊയ്തീൻകോയ, എസ്.കെ അബൂബക്കർ, എം.സി സുധാമണി, കെ.നിർമ്മല, കെ.പി രാജേഷ് കുമാർ എന്നിവർ മേയറെ കണ്ട് പരാതി നൽകി.

അതിനിടെ പരാതിക്കാരിയായ കൗൺസിലറെ പിന്തുണച്ച് ആവിക്കൽതോട് ജനകീയ സമര സമിതി കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സമര സമിതി കൺവീനർ ഇർഫാൻ ഹബീബ്, കോർപറേഷൻ പ്രതിപക്ഷനേതാവ് കെ.സി ശോഭിത, ഉപനേതാവ് കെ.മൊയ്തീൻ കോയ, നോർത്ത് മണ്ഡലം യു.ഡി.എഫ് ചെയർമാൻ ഷെറിൻ ബാബു, നോർത്ത് മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി എം.കെ ഹംസ, കൗൺസിലർമാരായ എസ്.കെ അബൂബക്കർ, സുധാമണി, നിർമല ബാലഗോപാൽ, സമരസമിതി വൈസ് ചെയർമാൻ എൻ.പി ബഷീർ, കെ.ഷമീർ എന്നിവർ പങ്കെടുത്തു. അതേസമയം കൗൺസിലർ ഷമീനയ്ക്കു നേരെ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.