കോഴിക്കോട്: വില്ലേജ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തെ ചൊല്ലി എൻ.ജി.ഒ യൂണിയൻ കഴിഞ്ഞ 12 ദിവസമായി നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. സ്ഥലംമാറ്റപ്പെട്ട 16 വില്ലേജ് ഓഫീസർമാരിൽ 5 പേരുടേത് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. ഒത്തുതീർപ്പ് ചർച്ചയിൽ ധാരണയിലെത്തിയതിനു പിറകെ ഇന്നലെ തന്നെ ഉത്തരവും ഇറങ്ങി.
പുതിയങ്ങാടിയിലേക്ക് മാറ്റിയ കച്ചേരി വില്ലേജ് ഓഫീസർ ഡി.മനോജിനെ അവിടെ തന്ന തുടരാൻ തന്നെ അനുവദിച്ചു. എലത്തൂരിലേക്ക് മാറ്റിയ പി.ജിഷ ചേവായൂരിൽ തുടരും. ബി.സൂര്യപ്രഭ സിൽവർലൈൻ റവന്യു ഇൻസ്പെക്ടറായി തുടരും. ഇവരെ കളക്ടറേറ്റിലേക്ക് ഹെഡ് ക്ളാർക്കായി സ്ഥലം മാറ്റിയിരുന്നു. മൂടാടിയിലേക്ക് മാറ്റിയ ഇ.കെ.വിജയൻ പന്തലായിനി വില്ലേജ് ഓഫീസറായി തുടരും. പുതുപ്പാടി വില്ലേജ് ഓഫീസറായി സ്ഥലം മാറ്റിയ പി. പി.വർഗീസിന് താലൂക്ക് ഓഫീസ് ഹെഡ്ക്ളാർക്ക് സ്ഥാനത്തേക്ക് തിരിച്ചുപോവാം.
തിങ്കളാഴ്ച നടന്ന ചർച്ച അലസിപ്പിരിഞ്ഞതോടെ ഇന്നലെ മുതൽ സമരം ശക്തമാക്കാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ജില്ലാ കളക്ടറുമായി വീണ്ടും ചർച്ചയ്ക്ക് കളമൊരുങ്ങിയത്.
എൻ.ജി.ഒ യൂണിയൻ വിട്ട് ജോയിന്റ് കൗൺസിലിലേക്ക് വന്ന ജീവനക്കാർക്ക് അവരുടെ സൗകര്യത്തിന് ലഭിച്ച സ്ഥലം മാറ്റം റദ്ദ് ചെയ്യിക്കാൻ സമരക്കാർക്ക് കഴിഞ്ഞില്ലെങ്കിലും യൂണിയൻ പ്രവർത്തകരിൽ ഏതാനും പേരുടെ സ്ഥലംമാറ്റം ഒഴിവാക്കാൻ കഴിഞ്ഞു.
കളക്ടറേറ്റ് പ്രവർത്തനം സ്തംഭിപ്പിച്ചുള്ള പണിമുടക്കിനെതിരെ ജനങ്ങളിൽ നിന്നു പ്രതിഷേധം ഉയർന്നിരുന്നു. ഒപ്പിട്ട് ശമ്പളം ഉറപ്പാക്കിയ ശേഷമായിരുന്നു ജീവനക്കാരുടെ സമരം.