കൽപ്പറ്റ: സർവ്വരോഗ കീട സംഹാരി എന്ന പേരിലും നവീന ജൈവകൃഷി സൂക്തം എന്ന പേരിലും ഹോമിയോമരുന്നുകൾ ചില സ്വകാര്യ വ്യക്തികളും ഏജൻസികളും പ്രചരിപ്പിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേരള കാർഷിക സർവ്വകലാശാല കർഷകർക്ക് മുന്നറിയിപ്പ് നൽകി. കാർഷിക വിളകളിലെ ഹോമിയോ പരിചരണം സംബന്ധിച്ച സോഷ്യൽ മീഡിയ പ്രചരണങ്ങളും സജീവമാണ്. ഇവരുടെ വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും കാർഷിക സർവ്വകലാശാല അറിയിച്ചു. കൃഷിയിൽ ഹോമിയോ മരുന്നുകളുടെ ഉപയോഗം ഭാരതീയ കാർഷിക ഗവേഷണ കൗൺസിലോ കേരള കാർഷിക സർവ്വകലാശാലയോ അംഗീകരിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ല. ഹോമിയോ മരുന്നുകൾ വിളകളിൽ ഉൽപാദന വർദ്ധനവ് ഉണ്ടാക്കുമെന്നും വരൾച്ചയെ പ്രതിരോധിക്കുമെന്നും ഉള്ള വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നുണ്ട്. കർഷകർ സർവ്വകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള സസ്യ സംരക്ഷണ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.