മാനന്തവാടി: പ്രിയദർശിനി ടൂറിസം സോണിലെ വിശ്വാസ് പോയിന്റിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് ബില്ലു എന്നും അത്ഭുതമാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസ് ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ട്രക്കിങ്ങിലും ബില്ലു താരമായി.

പ്രിയദർശിനി ടൂറിസം സോണിലെ പ്രദേശവാസിയായ സി.വി.ചന്ദ്രന്റെ വളർത്തു നായയാണ് ബില്ലു. വിശ്വാസ് പോയിന്റിൽ എത്തുന്ന എല്ലാവർക്കും വഴികാട്ടി കൂടിയാണ് ബില്ലു. പുതുതായി കാണുന്ന ആളുകളോട് ബില്ലു അമർഷം കാണിക്കാറില്ല. പ്രിയദർശിനിയിൽ എത്തുന്ന എല്ലാവരും ബില്ലുവിന്റെ അതിഥികളാണ്.

സുസ്ഥിര വിനോദസഞ്ചാര വികസനത്തിന്റെ പ്രചാരണർഥം സംഘടിപ്പിച്ച ട്രക്കിങ് കാലത്ത് 7.30ന് പ്രിയദർശിനിയിൽ ആരംഭിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി.പ്രഭാത് ഫ്ളാഗ് ഓഫ് ചെയ്തു.

ആരംഭം മുതൽ ബില്ലുവും ചന്ദ്രേട്ടനും ഒപ്പമുണ്ടായിരുന്നു. ലക്കിടി ഒറിയന്റൽ കോളെജിലേയും ബത്തേരി അൽഫോൺസാ കോളേജിലെയും ട്രാവൽ ആൻഡ് ടൂറിസം വിദ്യാർത്ഥികൾക്ക് പുറമെ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഡി.ടി.പി.സി ജീവനക്കാർ, ഗ്ലോബ് ട്രക്കേഴ്സ് അംഗങ്ങൾ, ഉണർവ് നാടൻ കലാ പഠനകേന്ദ്രത്തിലെ അംഗങ്ങൾ തുടങ്ങിയവരും യാത്രയിലുണ്ടായിരുന്നു.