
രണ്ടു പേരെ കണ്ടെത്തിയില്ല
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയെങ്കിലും കണ്ടെത്തി. ഇന്നലെ രാവിലെ ആറരയോടെ കുന്ദമംഗലം സ്വദേശിയായ 24-കാരൻ കുളിക്കാൻ പുറത്തിറക്കിയപ്പോഴാണ് കടന്നത്. ജീവനക്കാർ മെഡിക്കൽ കോളേജ് പൊലീസിൽ അറിയിച്ചു. ഉച്ചയോടെ കുന്ദമംഗലം - നരിക്കുനി റൂട്ടിൽ മടവൂരിലാണ് ഇയാളെ കണ്ടെത്തിയത്.
ഒൻപതു ദിവസത്തിനിടെ രണ്ട് സ്ത്രീകൾ ഉൾപ്പടെ അഞ്ച് പേർ രക്ഷപ്പെട്ടതിൽ തിരിച്ചെത്തിച്ചത് മൂന്നു പേരെയാണ്.
കഴിഞ്ഞ 14ന് കുളിക്കാൻ പുറത്തിറക്കിയപ്പോൾ രക്ഷപ്പെട്ട കോഴിക്കോട് സ്വദേശിയായ 39-കാരനെയും 20ന് ഓടു പൊളിച്ച് ചാടിപ്പോയ 17-കാരിയെയും ഇനിയും കണ്ടെത്തിയിട്ടില്ല.
14ന് അഞ്ചാം വാർഡിലെ സെല്ലിന്റെ ചുമർ തുരന്ന് രക്ഷപ്പെട്ട 42-കാരിയെ മലപ്പുറം കളക്ടറുടെ വസതിയിലെത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തു. 19ന് കുളിമുറിയുടെ വെന്റിലേറ്റർ തകർത്ത് ചാടിപ്പോയ 24-കാരനെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.
വനിതാ സെല്ലിൽ അടിപിടിയെ തുടർന്ന് മഹാരാഷ്ട്രക്കാരി കൊല്ലപ്പെട്ടതിന് ശേഷം ചാടിപ്പോക്ക് പതിവായിട്ടുണ്ട്. മുപ്പതുകാരി ജിയറാം ജലോട്ടിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കൊൽക്കത്ത സ്വദേശിനി സെല്ലിൽ തുടരുകയാണ്.
പരമാവധി 474 അന്തേവാസികളെ പാർപ്പിക്കാൻ സൗകര്യമുള്ള കുതിരവട്ടത്ത് നിലവിൽ 480 പേരുണ്ട്. വനിതകളുൾപ്പെടെ 20 സുരക്ഷാ ജീവനക്കാർ വേണ്ടിടത്ത് നാലു താത്കാലിക ജീവനക്കാർ മാത്രമാണുള്ളത്. ഇവരിൽ ഒരു വനിത പോലുമില്ല.