കോഴിക്കോട് : ജില്ലയിൽ രണ്ടു ദിവസങ്ങളിലായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാകമ്മിഷൻ അദാലത്തിൽ 38 പരാതികളിൽ തീർപ്പ്.ആകെ 152 പരാതികളാണ് പരിഗണിച്ചത്. 10 എണ്ണത്തിൽ വിശദമായ റിപ്പോർട്ട് തേടി. 104 കേസുകൾ അടുത്ത മാസം നടക്കുന്ന അദാലത്തിൽ പരിഗണിക്കും.

ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച പരാതികളാണ് പരിഗണിച്ചവയിൽ അധികവുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. വീടുകളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളും വിവാഹമോചനങ്ങളും കുട്ടികളെ മോശമായി ബാധിക്കുകയാണെന്നും കുട്ടികളുടെ പരിരക്ഷ ഉറപ്പാക്കുകയും പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടുകയും അതിൽ ജനകീയ ഇടപെടൽ ആവശ്യമാണെന്നും അവർ പറഞ്ഞു.

പ്രായമായ മാതാപിതാക്കളെ ശ്രദ്ധിക്കാത്തത് സംബന്ധിച്ച പരാതികളും പരിഹരിക്കുകയുണ്ടായി. ഇത്തരം പ്രശ്നങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തും. പ്രാദേശിക തലത്തിൽ ജാഗ്രത സമിതികളുടെ പ്രവർത്തനം ഊർജ്ജിതമാക്കുമെന്നും സതീദേവി പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ പ്രശ്നങ്ങൾ കമ്മിഷൻ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവിടം സന്ദർശിച്ചതായും അദ്ധ്യക്ഷ പറഞ്ഞു. രോഗം മാറിയവരെ തിരിച്ചു വീടുകളിലേക്ക് കൊണ്ടുപോകാനും ഏറ്റെടുക്കാനും ആളില്ലാത്ത അവസ്ഥയാണുള്ളത്. സമൂഹത്തിന്റെ ഇത്തരം മനോഭാവം മാറണമെന്നും അവർ പറഞ്ഞു.കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി മറ്റു പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.