സുൽത്താൻ ബത്തേരി: മന്ദംകൊല്ലിയിൽ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ കുടുങ്ങാത്ത കടുവ കർഷക സംഘടന സ്ഥാപിച്ച കാമറയിൽ. കഴിഞ്ഞദിവസം പ്രദേശത്ത് ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങളാണ് സ്വതന്ത്രകർഷക സംഘടനയായ കേരള ഇന്റി​പ്പന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) സ്ഥാപിച്ച കാമറയിൽ പതി​ഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ച ബത്തേരി മന്ദംകൊല്ലി ജനവാസമേഖലയിൽ കടുവകുട്ടി കുഴിയിൽ വീണ പ്രദേശത്ത് കിഫ സ്ഥാപിച്ച കാമറയിലാണ് ചൊവ്വാഴ്ച രാത്രി എത്തിയ കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചതെന്ന് സംഘടന ഭാരവാഹിപറഞ്ഞു. കടുക്കുട്ടി വീണ കുഴിയോട് ചേർന്ന് വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ നിന്ന് അമ്പത് മീറ്റർ മാറി കിഫ സ്ഥാപിച്ച കാമറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. പ്രദേശത്തുകൂടെ നടന്നുപോകുന്ന കടുവയുടെ ദൃശ്യമാണ് കാണുന്നത്. അതേസമയം വനംവകുപ്പിന്റെ കാമറയിൽ കടുവയുടെ ചിത്രങ്ങളില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. വനംവകുപ്പ് ഈ ഭാഗങ്ങളിൽ 9 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

വനംവകുപ്പ് കാമറകൾ സ്ഥാപിച്ചത് കടുവക്കുട്ടിയെ ലഭിച്ച വെള്ളിയാഴ്ചയാണ്. തുടർന്ന് എല്ലാദിവസവും കുഴിയുടെ സമീപത്ത് കടുവ എത്തുന്നുണ്ടെന്നും കുട്ടിയെ തിരഞ്ഞാണ് കടുവ എത്തുന്നതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. കുട്ടിയെ അമ്മകടുവയുടെ സമീപത്ത് തുറന്നുവിട്ടെന്ന് പറയുന്നുണ്ടങ്കിലും കുട്ടി അമ്മയുടെ സമീപത്തെത്തിയിട്ടുണ്ടാകില്ലെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.
കഴിഞ്ഞദിവസങ്ങളിലെല്ലാം പ്രദേശത്ത് കടുവയെ സമീപവാസികൾ കണ്ടിട്ടുണ്ട്. പ്രദേശത്തെ കടുവഭീതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മാസ്‌പെറ്റിഷൻ തയ്യാറാക്കി വൈൽഡ് ലൈഫ് വാർഡന് പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ. അടുത്തദിവസം ആറ് കാമറകൾകൂടി പ്രദേശങ്ങളിൽ സ്ഥാപിച്ച് നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് വാർഡൻ അറിയിച്ചു.