3
സെൻട്രൽ മാർക്കറ്റിലെ ബയോ ഗ്യാസ് പ്ലാന്റിനോട് ചേർന്ന് മാലിന്യം നിറഞ്ഞനിലയിൽ

കോഴിക്കോട്: സെൻട്രൽ മാർക്കറ്റിലെ മാലിന്യത്തിന് പരിഹാരം കാണാൻ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തിയായിട്ട് 13 വർഷം. അഞ്ച് വർഷത്തേക്ക് കരാർ നൽകി സ്ഥാപിച്ച പ്ലാന്റ് ആറുമാസത്തിനകം തന്നെ നിലച്ചു. 2009ലാണ് 10 ലക്ഷം മുടക്കി ഒമ്പത് സെന്റ് സ്ഥലത്ത് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് പരിപാലനത്തിൽ അധികൃതർ വരുത്തിയ വീഴ്ചയാണ് പ്രവർത്തനരഹിതമാകാൻ കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം. എന്നാൽ പ്ലാന്റിന്റെ സംഭരണ ശേഷിയേക്കാൾ കൂടുതലായി മാലിന്യം സംസ്‌കരിക്കാൻ ശ്രമിച്ചതാണ് തിരിച്ചടിയായതെന്നാണ് അധികാരികളുടെ ന്യായീകരണം. പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ പുഴുവരിക്കുന്ന മാലിന്യകൂമ്പാരവും ഒഴുകിപ്പരക്കുന്ന അഴുക്ക് വെള്ളവും കാരണം മാർക്കറ്റിലേക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ്. ആയിരത്തിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥലത്താണ് ഈ ദുരവസ്ഥയെന്ന് ഓർക്കണം. നിലവിൽ കോഴി മാലിന്യം സംസ്‌കരണത്തിനായി സ്വകാര്യ ഏജൻസി കൊണ്ടുപോകും. മീൻ അവശിഷ്ടങ്ങൾ വളംനിർമ്മാണത്തിനായി തമിഴ്നാട്ടിലേക്കാണ് കൊണ്ടുപോകുന്നത്. അതും ആഴ്ചയിൽ മൂന്ന് തവണ മാത്രം.

ലോക്ക്ഡൗൺ കാലത്ത് മാലിന്യനീക്കം പൂർണമായി നിലച്ചിരുന്നു. ആ സമയത്ത് മാർക്കറ്റിലൂടെ മുക്കുപൊത്താതെ നടക്കാൻ കഴിയില്ലെന്ന സ്ഥിതിയായിരുന്നു. പീന്നിട് കൗൺസിലറുടെ നേതൃത്വത്തിൽ മാലിന്യം താത്കാലികമായി നീക്കം ചെയ്തു. കോർപ്പറേഷന് കീഴിലെ ബയോഗ്യാസ് പ്ലാന്റുകളുടെ നവീകരണത്തിന് കാലിക്കറ്റ് സർവകലാശാലയുമായി ചേർന്ന് പദ്ധതി തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടപ്പിലായില്ല.

"നിലവിൽ മത്സ്യ മാലിന്യങ്ങൾ തമിഴ്നാട്ടിലേക്കാണ് കൊണ്ടുപോകുന്നത്. മാലിന്യം എടുക്കുന്നത് നിർത്തലാക്കിയാൽ ഇവ എന്ത് ചെയ്യും. നഗരത്തിലെ പ്രധാനപ്പെട്ട പ്ലാന്റിന്റെ ദുരവസ്ഥ പരിഹരിക്കാൻ കഴിയാത്ത കോർപ്പറേഷനാണ് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ തിടുക്കം കൂട്ടുന്നത്."

എസ്.കെ.അബൂബക്കർ

വാർഡ് കൗൺസിലർ

"നല്ലരീതിയിൽ പ്രവ‌ർത്തിച്ചിരുന്ന ബയോഗ്യാസ് പ്ലാന്റ് നശിക്കാൻ കാരണം അവിടുത്തെ ആളുകളുടെ

അശ്രദ്ധയാണ്. മാർക്കറ്റിലെ തൊഴിലാളികൾ നല്ലരീതിയിൽ പരിപാലിക്കാൻ തയ്യാറാണെങ്കിൽ പ്ലാന്റ് വീണ്ടും പ്രവർത്തിപ്പിക്കാൻ സാഹചര്യം ഒരുക്കും.

മേയർ ബീന ഫിലിപ്പ്

നിർമ്മാണ ചെലവ് 10 ലക്ഷം

പ്രവർത്തിച്ചത് 6 മാസം