കോഴിക്കോട്: പെട്രോൾ-ഡീസൽ വില പിടിവിട്ട് പറക്കാൻ തുടങ്ങിയപ്പോഴാണ് ഓട്ടോക്കാർ
സി.എൻ.ജിയിലേക്ക് കൂടുമാറിയത്. ഡീസൽ വില ലിറ്ററിന് നൂറിന് മീതെ. കിട്ടുന്ന മൈലേജാവട്ടെ കൂടിയാൽ 35 കിലോമീറ്റർ. ഗ്യാസാണെങ്കിൽ കിലോയ്ക്ക് 75രൂപ, 45 കിലോമീറ്റർ വരെ സുഖയാത്ര. ചുരുക്കത്തിൽ ലാഭകരം. എന്നാൽ പഴയ പെട്രോൾ-ഡീസൽ ഓട്ടോയിലേക്കു തന്നെ തിരിച്ചുപോയാലോ എന്നാണ് ഓട്ടോക്കാരിൽ ഭൂരിഭാഗവും ഇപ്പോൾ ആലോചിക്കുന്നത്. കാരണം സി.എൻ.ജി കിട്ടാനില്ല.
അതിരാവിലെ പെട്രോൾ ബങ്കിലെത്തിയാൽ മൂന്നും നാലും മണിക്കൂർ ക്യൂ നിൽക്കണം. അതിനിടെ ക്യൂ നിന്ന ബങ്കിലെ ഗ്യാസ് തീർന്നാൽ അടുത്ത സ്ഥലത്തേക്ക് ഓടണം. അപ്പോഴേക്കും നേരത്തെ പറഞ്ഞുവെച്ചതും അല്ലാത്തതുമായ ഓട്ടങ്ങളെല്ലാം നഷ്ടപ്പെടും. എല്ലാംകൊണ്ടും കഷ്ടകാലമാണെന്ന് സി.എൻ.ജിയിൽ ഓടുന്ന ഓട്ടോ ഡ്രൈവർമാർ പറയുന്നു.
നഗരത്തിൽ മൂന്നിടത്താണ് സി.എൻ.ജി കിട്ടുന്നത്. ഒന്ന് നടക്കാവ് കൊട്ടാരം റോഡിൽ, രണ്ടെണ്ണം സരോവരം, കോറണേഷൻ തിയേറ്ററിനുമുന്നിൽ. മൂന്നിടത്തും നീണ്ട ക്യൂവാണ്. എറണാകുളത്ത് നിന്ന് ആവശ്യത്തിന് സി.എൻ.ജി എത്താത്തതാണ് ജില്ലയിൽ ക്ഷാമം രൂക്ഷമാക്കിയത്. ബസുകളും കാറുകളും അടിച്ചുപോയാൽ പലപ്പോഴും ക്യൂ നിന്നാലും നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഓട്ടോക്കാർക്ക്. കൊവിഡ് കുറഞ്ഞ് അത്യാവശ്യം ഓട്ടം കിട്ടിത്തുടങ്ങിയപ്പോഴാണ് ഈ ദുരവസ്ഥയെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. ദിനംപ്രതി പുതിയ സി.എൻ.ജി ഓട്ടോകൾ നിരത്തിലിറങ്ങാൻ തുടങ്ങിയതോടെ അയ്യായിരത്തോളം ഓട്ടോകൾ നഗരത്തിൽ മാത്രമുണ്ട്. കാറുകളും ബസുകളും വേറെയും. അടിയന്തരമായി സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ഓട്ടോതൊഴിലാളികൾ പെരുവഴിയിലാവും.
അദാനി ഗ്യാസ് കമ്പനിയാണ് ജില്ലയിൽ സി.എൻ.ജി വിതരണം ചെയ്യുന്നത്. എറണാകുളത്ത് നിന്നാണ് സി.എൻ.ജി എത്തുന്നത്. ഇതിനായി ആകെ 10 ടാങ്കറുകളാണ് ജില്ലയിലേക്ക് സർവീസ് നടത്തുന്നത്. ഒരു ടാങ്കർ പോയി ഇന്ധനം കൊണ്ടുവരാൻ 16 മണിക്കൂർ എടുക്കും. ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നഗരത്തിൽ നടക്കാവ്, സരോവരം, കോറണേഷൻ തിയേറ്റർ പരിസരം കഴിഞ്ഞാൽ ജില്ലയിൽ പറമ്പിൽ ബസാർ, ചേമഞ്ചേരി, കുറ്റ്യാടി, അടിവാരം, ഉള്ളിയേരി എന്നിവിടങ്ങളിലെ ബങ്കുകളിലാണ് സി.എൻ.ജി വിതരണം ചെയ്യുന്നത്.
പരിഹാരം സിറ്റി ഗ്യാസ് സ്റ്റേഷൻ
ഉണ്ണികുളത്ത് സിറ്റി ഗ്യാസ് സ്റ്റേഷൻ നിർമ്മാണം പൂർത്തിയായാൽ സി.എൻ.ജി ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് അധികൃതർ പറയുന്നത്. ഉണ്ണികുളത്തു നിന്ന് ഇന്ധനം വിതരണം ചെയ്യാൻ സാധിച്ചാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടും. കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈനിൽ നിന്ന് മർദ്ദം കുറച്ച് ജില്ലയിലേക്ക് സി.എൻ.ജി എത്തിക്കാനുള്ള സംവിധാനമാണ് സിറ്റി ഗ്യാസ് സ്റ്റേഷൻ. കഴിഞ്ഞ ഡിസംബറോടെ ഇതിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പാറകളുടെ സാന്നിദ്ധ്യം കാരണം നീണ്ടുപോവുകയാണ്.