കോഴിക്കോട്: സർക്കാർ ഉത്തരവുകൾ മറികടന്ന് റേഷൻ സാധനങ്ങൾ സൂക്ഷിക്കാൻ സപ്ലൈകോ സ്വകാര്യ ഗോഡൗണുകൾ വാടകയ്‌ക്കെടുക്കുന്നതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
എഫ്.സി.ഐ ഗോഡൗണുകളിൽ സ്ഥലമുണ്ടെന്നിരിക്കെ സ്വകാര്യ ഗോഡൗണുകൾക്ക് പിറകെ പോകുന്നത് നീതീകരിക്കാനാവില്ല. നഗരത്തിൽ നിന്നു 20 കിലോമീറ്റർ അകലെ ചെത്തുകടവിലുള്ള സ്വകാര്യ ഗോഡൗണിൽ റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്നത് അധികബാദ്ധ്യതയാണ് സർക്കാരിന് വരുത്തിവെക്കുന്നത്. തെറ്റായ തീരുമാനം തിരുത്തിക്കാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി യുവമോർച്ച നാളെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും.
രാഷ്ട്രീയമായി ഒരു ബന്ധവുമില്ലാത്ത ചെരണ്ടത്തൂർ സ്‌ഫോടനം ബി.ജെ.പിയുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അഡ്വ.സജീവൻ പറഞ്ഞു. പരിക്കേറ്റയാൾ ബി.ജെ.പി പ്രവർത്തകനോ, ഈ പ്രദേശം ബി.ജെ.പി ശക്തികേന്ദ്രമോ ഒന്നുമല്ല.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു തുടർച്ചയായി രോഗികൾ ചാടിപ്പോകുന്നത് അധികൃതരുടെ അനാസ്ഥ കൊണ്ടു മാത്രമാണ്. ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞ പുസ്തകമായി മാറിക്കഴിഞ്ഞു.
പാർട്ടി ബൂത്തുതലം വരെയുളള പുനഃസംഘടന നാളെയോടെ പൂർത്തിയാകും. ജില്ലയിൽ 2098 ബൂത്തുഘടകങ്ങൾ നിലവിൽ വന്നുകഴിഞ്ഞു. അതിനു മുകളിൽ 146 പഞ്ചായത്ത് /ഏരിയാ കമ്മറ്റികളും 26 മണ്ഡലം കമ്മിറ്റികളുമായി. 2 മണ്ഡലം പ്രസിഡന്റുമാരെ കൂടാതെ 6 മണ്ഡലം ജനറൽ സെക്രട്ടറിമാർ, 25 പഞ്ചായത്ത് /ഏരിയ പ്രസിഡന്റുമാർ, 96 ബൂത്തു പ്രസിഡന്റുമാർ, 33 ബൂത്ത് ജനറൽ സെക്രട്ടറിമാർ എന്നീ സ്ഥാനങ്ങളിലും വനിതകളാണ്. എല്ലാ ഘടകത്തിലും ഭാരവാഹികളിൽ മൂന്നിലൊന്ന് വനിതകളാണെന്ന സവിശേഷതയുമുണ്ട്.
വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌കുമാർ, വൈസ് പ്രസിഡന്റ് അഡ്വ.കെ.വി.സുധീർ എന്നിവരും സംബന്ധിച്ചു.