
കോഴിക്കോട്: ഗുജറാത്തിൽ രാജ്‌കോട്ട് ജില്ലയിലെ ഗോണ്ടാലിൽ നിർമ്മാണം പൂർത്തിയാക്കിയ മർകസ് ഗ്ലോബൽ സ്‌കൂളിന്റെ ഉദ്ഘാടനം നാളെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ നിർവഹിക്കും. മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ.എ.പി. അബ്ദുൽഹകീം അസ്ഹരിയും മറ്റു പ്രമുഖരും സംബന്ധിക്കും.
ഗോണ്ടാൽ മുനിസിപ്പാലിറ്റിയിലെ വചാര റോഡിൽ 18 ഏക്കറിലാണ് സ്‌കൂൾ കാമ്പസ്. 30 ക്ളാസ് മുറികളുള്ള സ്‌കൂളിൽ വിപുലമായ ലൈബ്രറി, കോൺഫറൻസ് ഹാൾ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.
ഗോണ്ടാൽ ജാമിയ ആയിഷ സിദ്ധിഖ മൂസാ കൾച്ചറൽ സെന്ററിൽ ജുമുഅ ഉദ്ഘാടനവും കാന്തപുരം നിർവഹിക്കും. ഗോണ്ടാൽ ദേവ് പാറയിലെ മർകസ് പബ്ളിക് സ്‌കൂളിൽ നിർമ്മിച്ച ഹാജി മുഹമ്മദ് നൂരി ഹാൾ രാവിലെ 9.30 ന് കാന്തപുരം ഉദ്ഘാടനം ചെയ്യും.
ഗുജറാത്തിൽ വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യരംഗത്ത് ഒന്നര പതിറ്റാണ്ടോളമായി മർകസ് പ്രവർത്തിക്കുന്നുണ്ട്. നിരവധി വിദ്യാലയങ്ങൾക്കും ആതുരാലയങ്ങൾക്കും പുറമെ ഭവനനിർമ്മാണ, ശുദ്ധജല വിതരണ പദ്ധതികളും മർകസിന് കീഴിലുണ്ട്.
രാജ്‌കോട്ടിൽ നടക്കുന്ന എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിലും കാന്തപുരം പങ്കെടുക്കും.