@ കൊയിലാണ്ടി പരിധിയിൽ ഒരു പൊലീസ് സ്റ്റേഷൻ മാത്രം

@ദിവസവും നൂറിലധികം പരാതികളും കേസുകളും കൊയിലാണ്ടി: കേസുകൾ കുന്നു കൂടി ജോലി ഭാരം കൊണ്ട് വീർപ്പുമുട്ടുന്ന കൊയിലാണ്ടി മേഖലയിൽ ചേമഞ്ചേരിയിൽ പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു.ഏറെ നാളത്തെ ആവശ‍്യം സർക്കാറി‍ൻെറ ചുവപ്പ് നാടയിൽ പരിഗണനയും കാത്തുകിടക്കുകയാണ്. പി.വിശ്വനും തുടർന്ന് കെ.ദാസനും എം.എൽ.എമാരായി എത്തിയപ്പോൾ കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ വിഭജിച്ച് ചേമഞ്ചേരിയിൽ പുതിയ സ്റ്റേഷൻ വേണമെന്ന ആവശ്യം ഭരണ തലത്തിലെത്തിയിരുന്നു. എന്നാൽ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. നിലവിൽ കൊയിലാണ്ടിയിൽ ഒരു പൊലീസ് സ്റ്റേഷൻ മാത്രമാണുള്ളത്. നഗരസഭയ്ക്ക് പുറമെ കീഴരിയൂർ, ചെങ്ങോട്ട് കാവ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുകളും തിക്കോടി, അരിക്കുളം പഞ്ചായത്തിന്റെ പകുതിയും പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്. ഒരു വർഷം രണ്ടായിരത്തിലധികം ക്രൈം കേസുകളും ഇവിടെ റജിസ്റ്റർ ചെയ്യുന്നുണ്ട്.ഇതിന് പുറമെ റെയിൽ, റോഡപകടങ്ങൾ വേറേയും. സ്കൂളുകളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കുള്ള പരിശീലനവും പൊലീസിന്റെ ഡ്യൂട്ടിയാണ്. അറുപതോളം വരുന്ന പൊലീസുകാരാണ് ഇവിടെയുള്ളത്.

പൊലീസ് സ്​റ്റേഷനുകളിൽ 1989 ലെ സ്​റ്റാഫ് പാറ്റേൺ നിലനിൽക്കുന്ന സാഹചര‍്യത്തൽ ജോലിഭാരം കൊണ്ട് വീർപ്പ് മുട്ടുകയാണ് ഇവർ. മാത്രമല്ല പല നിരത്തുകളിൽ പൊലീസിന്റെ മതിയായ സേവനം ലഭിക്കാത്ത അവസ്ഥയുമാണ്. ഈ സാഹചര്യത്തിൽ അരിക്കുളം പഞ്ചായത്ത് പേരാമ്പ്ര, മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലേക്കം തിക്കോടി മൂടാടി പഞ്ചായത്തുകൾ പയ്യോളി പൊലീസ് സ്റ്റേഷനിലേക്കും മാറ്റുകയും ചെങ്ങോട്ട് കാവ്, ചേമഞ്ചേരി പഞ്ചായത്തുകൾ

ഉൾപ്പെടുത്തി പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്നാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം. എന്നാൽ പുതിയ സ്റ്റേഷനായി പോയ പ്രൊപ്പോസൽ ധനകാര്യ വകുപ്പിന്റെ അനുമതി കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്.

@ മുഖം മിനുക്കിയെങ്കിലു സ്റ്റേഷൻ പ്രവർത്തനം കുടുസുമുറിയിൽ

ജീവനക്കാരുടെ കുറവിനൊപ്പം കൊയിലാണ്ടി പൊലീസ് സ്റ്രേഷൻ അസൗകര്യങ്ങളുടേയും നടുവിലാണ്.

ജീവനക്കാർക്ക് ജോലി ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ പലരും ക്വാർട്ടേഴ്സിലിരുന്നാണ് ജോലിചെയ്യുന്നത്. എന്നാൽ ക്വാർട്ടേഴ്സുകളാകട്ടെ താമസിക്കാൻ പറ്റാത്തവയും. ഒന്നൊഴികെ മറ്റെല്ലാം താമസിക്കാൻ യോഗ്യമല്ലെന്ന് പി.ഡബ്ളിയു.ഡി തന്നെ നിർദേശിച്ചിട്ടുണ്ട്. അതേ സമയം സ്റ്രേഷൻ നവീകരണത്തിനായി 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും പൊലീസ് സ്റ്റേഷന്റെ മുൻഭാഗം മനോഹരമാക്കാൻ മാത്രമാണ് തുകഉപയോഗിച്ചത്. വനിത പൊലീസിന് ആവശ്യമായ മുറികളൊന്നും ഇവിടെയില്ല.

കേന്ദ്ര സർക്കാർ എല്ലാ വർഷവും വലിയ തുക പൊലീസ് സേനയുടെ സൗകര്യം വർദ്ധിപ്പിക്കാനും വാഹനങ്ങൾ, ആയുധങ്ങൾ എന്നിവ വാങ്ങാനും അനുവദിക്കാറുണ്ട്. അത്തരം ഫണ്ട് ഉപയോഗപ്പെടുത്തിയാൽ പൊലീസിന്റെ സൗകര്യം വർദ്ധിപ്പിക്കാൻ സാധിക്കും.സംസ്ഥാന അഭ്യന്തരമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ് ഈ വക കാര്യങ്ങൾ തീരുമാനിക്കുന്നത്- മുല്ലപ്പള്ളി രാമചന്ദ്രൻ

മുൻ കേന്ദ്ര അഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ