krail
'കെ റെയിൽ: തൊഴിലും വികസനവും

കോഴിക്കോട്: കെ റെയിൽ പദ്ധതിയ്ക്കെതിരെ എതിർപ്പുയർത്തുന്നതിനു പിന്നിൽ രാഷ്ട്രീയവിരോധം മാത്രമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു.

യു.ഡി.എഫിന്റെ കാലത്ത് ആലോചിച്ച പദ്ധതി എൽ.ഡി.എഫ് നടപ്പാക്കുന്നതാണ് അവരുടെ എതിർപ്പിന് കാരണം. പദ്ധതി കേരളത്തെ വികസനത്തിലേക്ക് നയിക്കുമെന്നതിൽ തർക്കമില്ല. ഈ പദ്ധതി പരിസ്ഥിതി ആഘാതമോ സാമൂഹികാഘാതമോ വരുത്തിവെക്കില്ല. വികസനത്തിന്റെ ഗുണം എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് എൽ.ഡി.എഫ് നയം.

'കെ റെയിൽ: തൊഴിലും വികസനവും" എന്ന വിഷയത്തിൽ ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ഉടമകൾക്കുണ്ടായിരുന്ന ആശങ്ക നഷ്ടപരിഹാര - പുനരിധിവാസ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ തന്നെ ഇല്ലാതായി. ഇപ്പോൾ മണ്ണെണ്ണ കുപ്പിയും ഡീസൽ കുപ്പിയുമായി ചിലർ നിൽക്കുന്നതിനു പിന്നിൽ രാഷ്ട്രീയക്കളിയാണ്.

നാട്ടിൽ സാമ്പത്തിക വളർച്ചയുണ്ടവുമ്പോഴാണ് യഥാർത്ഥ വികസനം സാദ്ധ്യമാവുക. ഇത് മാനവശേഷി വികസനവുമായി ബന്ധപ്പെട്ടാണ്. സമയം പരമാവധി ഉപയോഗപ്പെടുത്തിയും അദ്ധ്വാനം പ്രയോജനപ്പെടുത്തിയും വേണം മാനവശേഷി വികസനം നടപ്പാക്കാൻ. ലഭ്യമായ ആധുനിക സാങ്കേതിക വിദ്യകൾ ഇതിനായി ഉപയോഗപ്പെടുത്തണം.

സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിനായി കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ കാത്തിരിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് സ്വന്തം പദ്ധതിയുമായി സംസ്ഥാന സ‌ർക്കാർ മുന്നോട്ടുപോകുന്നത്.

വിവിധ ഏജൻസികൾ കെ റെയിലിന് വായ്പ നൽകാൻ തയ്യാറാകുന്നത് പദ്ധതി വിജയമാകുമെന്ന വിലയിരുത്തലിൽ തന്നെയാണ്. കാറിൽ ഒരു കിലോമീറ്റർ യാത്രയ്ക്ക പത്ത് രൂപ ചെലവ് വരുമ്പോൾ കെ റെയിലിൽ 2.75 രൂപയേ വരൂ. ഈ പദ്ധതിയ്ക്ക അന്തിമാനുമതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.കേശവമേനോൻ ഹാളിൽ ഒരുക്കിയ സെമിനാറിൽ ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ.പ്രേംകുമാർ, കെ.വി. ലേഖ, പി.ഷിജിത്ത്, ടി.കെ.സുമേഷ്, കെ.അരുൺ, കെ.അഭിജേഷ്, പിങ്കി പ്രമോദ്, കെ.ഷെഫീഖ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.വസീഫ് സ്വാഗതവും ട്രഷറർ പി.സി.ഷൈജു നന്ദിയും പറഞ്ഞു.