photo
കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലായ തേനാക്കുഴി വളവിലെ കലുങ്കിന് മുകളിലൂടെ ടാറിംഗിന് മുന്നോടിയായി പ്ലാസ്റ്ററിംഗ് നടത്തിയ നിലയിൽ

ബാലുശ്ശേരി : പ്രദേശ വാസികളുടെ പരാതികൾക്കിടയിൽ അർദ്ധരാത്രി അപകടാവസ്ഥയിലായ കലുങ്കിന് മുകളിലൂടെ ടാറിംഗിന് മുന്നോടിയായുള്ള പ്ലാസ്റ്ററിംഗ് നടത്തി. കൊയിലാണ്ടി - എടവണ്ണപ്പാറ

സ്റ്റേറ്റ് ഹൈവേ കടന്നുപോകുന്ന തേനാക്കുഴി വളവിലെ കലുങ്കിന് മുകളിലൂടെയാണ് പ്രവൃത്തി നടക്കുന്നത്. കലുങ്കിന്റെ വടക്ക് ഭാഗത്തെ ഭിത്തി പൂർണ്ണമായും പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. ഇതിന്റെ അപകടാവസ്ഥയെക്കുറിച്ച് പല തവണ നാട്ടുകാർ പ്രവൃത്തിയെടുക്കുന്നവരെ അറിയിച്ചതാണ്. പ്രശ്നത്തെക്കുറിച്ച് ''പുതുക്കിപ്പണിയാൻ മറക്കല്ലേ'' യെന്നും , "ആശങ്കയോടെ ജനങ്ങൾ"എന്നീ തലക്കെട്ടുകളിൽ കേരള കൗമുദി വാർത്തയും നല്കിയിരുന്നു. എന്നാൽ ഇവയൊന്നും ചെവിക്കൊള്ളാതെ പ്രവൃത്തി പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം അർദ്ധരാത്രി തന്നെ ടാറിംഗിന് മുന്നോടിയായുള്ള പ്ലാസ്റ്ററിംഗ് നടത്തിക്കഴിഞ്ഞു.
നാട്ടുകാർ തങ്ങളുടെ പരാതി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും , സ്ഥലം എം.എൽ.എ.കെ.എം. സച്ചിൻ ദേവിനേയും അറിയിച്ചിരിക്കുകയാണ്. ഇവരിൽ നിന്നും അനുകൂല മറുപടി ലഭിക്കുമെന്നും കലുങ്ക് മാറ്റിപ്പണിയാൻ ആവശ്യമായ നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണിവർ.
സമാനമായ മറ്റൊരു കലുങ്ക് അറപ്പീടിക മരപ്പാലം സ്റ്റോപ്പിനു സമീപം പുതുക്കിപ്പണിയാതെ ടാറിംഗ് നടത്താനുള്ള ശ്രമത്തിനെതിരെ പ്രദേശ വാസികൾ പരാതി നല്കുകയും തുടർന്ന് കലുങ്ക് പൊളിപ്പിച്ച് പുതുക്കിപ്പണിയാൻ ഉത്തരവ് ഇറക്കുകയുമായിരുന്നു.