കൽപ്പറ്റ: ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായുള്ള നഗര വികസന നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു. മുനിസിപ്പൽ ഓഫീസ് മുതൽ ട്രാഫിക് ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശത്തും പൂച്ചെടികൾ ഉടനെ സ്ഥാപിക്കും. കൽപ്പറ്റ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച അറുനൂറോളം പൂച്ചെടികളാണിപ്പോഴുള്ളത്. അഴുക്ക്ചാലിന്റെയും നടപ്പാതയുടെയും പണി പൂർത്തിയാവുന്നതോടെ ബാക്കിയുള്ള സ്ഥലങ്ങളിലെ കൈവരികളിലും പൂച്ചെടികൾ സ്ഥാപിക്കും. 5 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
കൈനാട്ടി മുതൽ ട്രാഫിക് ജംഗ്ഷൻ വരെ 161 തെരുവ് വിളക്കുകൾ വഴിയോരങ്ങളിൽ സ്ഥാപിച്ചു. കൈനാട്ടി ജംഗ്ഷൻ നവീകരണം പൂർത്തിയായതോടെ ഗതാഗത തടസ്സം ഇല്ലാതാക്കാനായി. പൊലീസ് ട്രാഫിക് ജംഗ്ഷൻ ഉടനെ ഗതാഗത യോഗ്യമാക്കും.
അഴുക്ക്ചാൽ പദ്ധതിയും റോഡ് നവീകരണവും, നടപ്പാത നിർമ്മാണവും പൂർത്തിയാക്കുകയും പൂച്ചെടികൾ സ്ഥാപിക്കുകയും ചെയ്യുന്നതോടെ കൽപ്പറ്റയുടെ മുഖഛായ മാറും. ട്രാഫിക് ഉപദേശക സമിതിയുടെ നിർദ്ദേശമനുസരിച്ചുള്ള വാഹന പാർക്കിംഗും യാത്രാ നിയന്ത്രണ സംവിധാനവും നടപ്പാക്കുന്നതോടെ ഗതാഗത തടസ്സവും ഇല്ലാതാവും.
രാവിലെയും വൈകുന്നേരങ്ങളിലും മുടങ്ങാതെ നഗരശുചീകരണം നടത്തുന്നുണ്ട്.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും മറ്റും സഹകരണത്തോടെ ജനകീയ നഗര ശുചീകരണ യജ്ഞം സംഘടിപ്പിക്കും.
ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായുള്ള നഗരത്തിലെ നിർമ്മാണങ്ങൾ വേഗത്തിലാക്കാനും സൗന്ദര്യവൽക്കരണം ഉടനെ പൂർത്തിയാക്കാനും അടിയന്തിര നടപടികൾ സ്വീകരിച്ചതായി മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു.
ക്യാപ്ഷൻ: ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ.