കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ പുഴക്കലിടത്തെ കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ സ്‌കീം ഇന്ന് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ടി.സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
1.93 കോടി രൂപ ചെലവിട്ടാണ് കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. വൈത്തിരി പുഴയിൽ നിന്ന് വെളളം പമ്പ് ചെയ്യുന്നതിനായി 13.15 x 5.5 മീറ്റർ വിസ്തൃതിയിൽ 2 നിലകളുള്ള പമ്പ് ഹൗസ് ആണ് പദ്ധതിക്കായി പൂർത്തീകരിച്ചിരിക്കുന്നത്. 75 എച്ച് പിയുടെ 3 മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ട്. പുഴയിൽ ജലനിരപ്പ് ഉയരുന്ന മുറയ്ക്ക് സുരക്ഷിതമായി മോട്ടോർ വയ്ക്കുന്നതിനും ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. 40 മീറ്റർ നീളത്തിൽ പാർശ്വസംരക്ഷണ ഭിത്തിയും, പമ്പ് ഹൗസിൽ നിന്ന് പാടശേഖരത്തിലേക്ക് ജലം എത്തിക്കുന്നതിനായി 400 മീല്ലീ മീറ്റർ വ്യാസവും 820 മീറ്റർ നീളവുമുള്ള പൈപ്പ് ലൈനും 625 മീറ്റർ കോൺക്രീറ്റ് കനാലും പദ്ധതിയിൽ നിർമിച്ചിട്ടുണ്ട്. വെളളം ലഭ്യമല്ലാതിരുന്നതിനാൽ നഞ്ചകൃഷി മാത്രമാണ് ഇവിടത്തെ പാടശേഖരങ്ങളിൽ ചെയ്തിരുന്നത്. പാടശേഖരങ്ങളിലേക്ക് ഇനി യഥേഷ്ടം വെള്ളം എത്തുന്നതോടെ ഇരുപ്പൂ കൃഷിയും അതിനപ്പുറവും ചെയ്യാനുളള ഒരുക്കത്തിലാണ് പുഴക്കലിടത്തെ കർഷകർ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എ ഗീത മുഖ്യാതിഥിയാകും.