
തിരുവനന്തപുരം: ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെയും (www.dmg.kerala.gov.in) ഡാഷ്‌ബോർഡിന്റെയും (www.dashboard.dmg.kerala.gov.in) ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററും (എൻ.ഐ.സി) സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഒഫ് ഇമേജിംഗ് ടെക്‌നോളജിയും (സി-ഡിറ്റ്) ചേർന്നാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്.
വകുപ്പിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, ഖനനാനുമതികൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. ജില്ലകൾ തിരിച്ചുള്ള ക്വാറികളുടെയും അനുമതികളുടെയും വിവരങ്ങളും പാസ്സുകളുടെ ലഭ്യതയും വെബ്സൈറ്റിലുണ്ട്. കേരളത്തിലെ 593 ക്വാറികളെ സംബന്ധിച്ച പൂർണവിവരങ്ങളുമുണ്ട്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിച്ചു. ഖനന ഭൂവിജ്ഞാന വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, ഡെപ്യൂട്ടി ഡയറക്ടർമാരായ എം. രാഘവൻ, എം.സി. കിഷോർ എന്നിവർ സംബന്ധിച്ചു.