2
കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് മാലിന്യം കൂട്ടിയിട്ട നിലയിൽ

കോഴിക്കോട്: ശുചിത്വ നഗരമാക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴും മാലിന്യത്തിൽ മുങ്ങി തെരുവുകൾ. കൊവിഡ് നിയന്ത്രണം അയഞ്ഞതോടെ കോഴിക്കോട് സൗത്ത് ബീച്ച് പരിസരം നാറുകയാണ്. മത്സ്യ, മാംസാവശിഷ്ടങ്ങളും ഹോട്ടൽ ഭക്ഷണാവശിഷ്ടങ്ങളും മറ്റ് ഖര-ജൈവ മാലിന്യങ്ങളും നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. വാഹനങ്ങളിലെത്തുന്നവരും മറ്റും ഇരുട്ടിന്റെ മറവിലും അല്ലാതെയും മാലിന്യം വലിച്ചെറിയുകയാണ്. ഇത്തരക്കാരെ കണ്ടുപിടിക്കാൻ സി.സി.ടി.വിയുമില്ല.

മാലിന്യം നിറഞ്ഞതോടെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. വൈകീട്ട് ബീച്ചിലെത്തുന്നവർക്ക് നേരെ പാഞ്ഞടുക്കുകയാണ് തെരുവ് നായ്ക്കൾ. നായ്‌ക്കൾ കുറുകെ ചാടി അപകടത്തിൽപ്പെട്ട ഇരുചക്രവാഹനയാത്രക്കാരും നിരവധി. ബീച്ച് പരിസരം, കുറ്റിച്ചിറ പ്രദേശങ്ങൾ, ഗുജറാത്തി സ്ട്രീറ്റ്, വലിയങ്ങാടി, മാവൂർ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നെല്ലാം ഹരിത കർമ്മ സേന പ്ലാസ്റ്റിക് , ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങിയവയെല്ലാം ശേഖരിക്കുന്നത്. പല ദിവസങ്ങളിലായി ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ച് ഞെളിയൻപറമ്പിലേക്ക് അയയ്ക്കുകയാണ് . എന്നാൽ മാലിന്യനീക്കം കാര്യക്ഷമമല്ലാത്തതിനാൽ ശേഖരിക്കുന്ന കേന്ദ്രങ്ങളും നാറുകയാണ്.

"സംസ്കരിക്കാൻ ഇടമില്ലാത്തതിനാലാണ് മാലിന്യം കുമിഞ്ഞു കൂടാൻ കാരണം. ശേഖരിക്കുന്ന മാലിന്യം

ഞെളിയൻ പറമ്പിലാണ് നിക്ഷേപിക്കുന്നത്. രാത്രിയിൽ വാഹനങ്ങളിലെത്തി മാലിന്യം റോ‌ഡരികിൽ വലിച്ചെറിയുകയാണ്. ഇത്തരം മാലിന്യം ശേഖരിക്കാൻ നിർവാഹമില്ല. ഇത്തരം മാലിന്യമാണ് ചീഞ്ഞുനാറുന്നത്.

ഹരിതകർമ്മ സേനാംഗങ്ങൾ

"അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും വരുന്ന ലോറി തൊഴിലാളികളാണ് വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നത്. ഇവർക്കെതിരെ കർശന നടപടികൾ എടുക്കുന്നുണ്ട്. മാലിന്യം തള്ളുന്നത് രാത്രിയിലായതിനാൽ ആളുകളെ തിരിച്ചറിയാൻ കഴിയുന്നില്ല.

കെ.മൊയ്തീൻ കോയ, കോർപ്പറേഷൻ കൗൺസിലർ.