കേണിച്ചിറ: കൊവിഡ് കാരണം ദുരിതത്തിലായ ചെറുകിട സംരംഭകർക്കും ബസുടമകൾക്കുമായി കേരള ബാങ്ക് ആവിഷ്‌കരിച്ച വസ്തു ജാമ്യമില്ലാ വായ്പയായ സുവിധ പ്ലസിൽ കേണിച്ചിറ ശാഖ 35 പേർക്കായി ഒരുദിവസം ഒരുകോടി രൂപ വിതരണം ചെയ്തു. വായ്പാ വിതരണ മേള പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മെഴ്സി സാബു ഉദ്ഘാടനം ചെയ്തു. എസ്.സി, എസ്.ടി സ്വയം സംഘത്തിനായുള്ള സഹജ വായ്പ 5 ലക്ഷം രൂപയും വിതരണം ചെയ്തു. ഏകാശ്രയമായ മകന്റെ മരണത്തോടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ദുരിതത്തിലായ ഇടപാടുകാരന്റെ കടബാധ്യത ബാങ്ക് ജീവനക്കാരും വ്യാപാരികളും ചേർന്ന് തിരിച്ചടച്ച് പ്രമാണം തിരിച്ചു നൽകി. ഇടപാടുകാരനായ രവീന്ദ്രന് കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിൻ ആധാരം കൈമാറി. ചടങ്ങിൽ പി.ഗഗാറിൻ അദ്ധ്യക്ഷത വഹിച്ചു. പൂതാടി ഗ്രാമപഞ്ചായത്തംഗങ്ങളായ രുഗ്മിണി സുബ്രഹ്മണ്യം, ടി.എസ്.സുധീരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ജയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എം.ആർ.സുരേഷ് ബാബു, കേരള ബാങ്ക് ഏരിയാ മാനേജർ കെ.കെ.ഉഷ, അഗ്രികൾച്ചറൽ ഓഫീസർ ആശാ ഉണ്ണി, രാധാകൃഷ്ണൻ കുഴുപ്പിൽ എന്നിവർ പ്രസംഗിച്ചു. സി.പി.സി ഡെ.ജനറൽ മാനേജർ എൻ.നവനീത്കുമാർ സ്വാഗതവും ശാഖാ മാനേജർ പി.കെ.ഓമന നന്ദിയും പറഞ്ഞു.
2. സുവിധ പ്ലസ് വായ്പാ വിതരണ മേള പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മെഴ്സി സാബു ഉദ്ഘാടനം ചെയ്യുന്നു