വടകര: ചോമ്പാൽ ടെലിഫോൺ എക്‌സ്‌ചേഞ്ചിലെ ലാൻഡ് ഫോണുകൾ കൂട്ടത്തോടെ പ്രവർത്തന രഹിതമായി. കുഞ്ഞിപ്പള്ളി,മുക്കാളി,കണ്ണൂക്കര,ചോമ്പാൽ ഭാഗത്തെ നിരവധി ഫോണുകളാണ് നിശ്ചലമായത്. മുമ്പേ തന്നെ മണ്ണിനടിയിൽ കൂടി കേബിൾ വലിച്ച്‌ നല്കിയിരുന്ന ലാന്റ് ഫോൺ കണക്ഷനുകൾ അറ്റകുറ്റപണികൾ ചെയ്യാതെ വിച്ഛേദിക്കപ്പെട്ടിരുന്നു. ഇപ്പോൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് ബാക്കി ഉണ്ടായിരുന്ന ഫോണുകളും നിശ്ചലമായിരിക്കുന്നത്. പാത വികസനത്തിനായി ഈ ഭാഗങ്ങളിൽ ലെവലിംഗ് പ്രവർത്തി നടന്നുവരികയാണ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ തലങ്ങും വിലങ്ങുമായി പോകുന്ന ജെ.സി.ബി അടക്കമുള്ള മണ്ണുമാന്തി യന്ത്രങ്ങൾ ടെലിഫോൺ കേബിളുകളടക്കം കോരി തകർത്തതാണ് പ്രവർത്തനരഹിതമാവാൻ കാരണം. ആഴത്തിൽ കുഴിച്ചിട്ട കേബിളുകളാണ് ദേശീയ പാത നിർമ്മാണ കരാറെടുത്ത കമ്പനിയുടെ ജോലിക്കാർ നശിപ്പിച്ചിട്ടുള്ളത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ബി.എസ്.എൻ.എലിന് ഇവർ വരുത്തിയിട്ടുള്ളത്. തകർന്ന കേബിളുകൾ മാറ്റി സ്ഥാപിച്ചു കണക്ഷൻ പുനഃസ്ഥാപിക്കാൻ ആഴ്ചകളോളം എടുക്കുമെന്നാണ് ബി.എസ്.എൻ.എൽ നൽകുന്ന വിശദീകരണം. കേബിളുകൾ തകർന്നതോടെ ഇന്റർനെറ്റ് കണക്ഷനേയും ബാധിച്ചിട്ടുണ്ട്. കണക്ഷൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടികളും ബി.എസ്.എൻ.എൽ തുടങ്ങിയിട്ടില്ല. മറ്റു പ്രദേശങ്ങളിലും ദേശീയ പാത ലെവലിംഗ് പ്രവർത്തി തുടങ്ങുന്നതോടെ ഈ മേഖലകളിലും ലാൻഡ് ഫോണുകൾക്ക് ഇതേ അവസ്ഥയാവും.