
വടകര: വടകരയിലെ നിലവിലുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോ ഒരുകാരണവശാലും നഷ്ടപ്പെടില്ലെന്നു പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കെ.കെ.രമ എം.എൽ.എയ്ക്ക് ഉറപ്പു നൽകി. കഴിഞ്ഞ ദിവസം ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പുകളുടെ പുനക്രമീകരണങ്ങളുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക്ട് കോമൺപൂളിലേക്ക് മെക്കാനിക്കൽ ജീവനക്കാരെ പുനർ വിന്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വടകര കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലുള്ള 12 മെക്കാനിക്കൽ ജീവനക്കാരോട് തൊട്ടിൽപാലം ഡിപ്പോയിലേക്ക് ചാർജ് ഏറ്റെടുക്കാനുള്ള സർക്കാർ നിർദേശത്തെ തുടർന്നുണ്ടായ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കെ.കെ രമ മന്ത്രിയെ നേരിൽ കണ്ടത്. ഇത് വർക് ഷോപ്പുകളുടെ പുനർക്രമീകരണങ്ങളുടെ ഭാഗമായുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും, ഇതിന്റെ പേരിൽ ഒരു കാരണവശാലും വടകരയിലെ ഡിപ്പോ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നു മന്ത്രി ഉറപ്പു നൽകിയതായും, ഈ പുനർവിന്യാസം കൊണ്ട് ഡിപ്പോയുടെ മറ്റ് പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള തടസം നേരിടുകയാണെങ്കിൽ ആവശ്യാനുസരണമുള്ള ജീവനക്കാരെ നിയമിക്കണമെന്ന എം.എൽ.എയുടെ ആവശ്യം അനുഭാവപൂർണം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായും എം.എൽ.എ പറഞ്ഞു