
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി നാല് സുരക്ഷാ ജീവനക്കാരെ പുതുതായി നിയമിച്ചു. ഇന്നലെയാണ് രണ്ട് വിമുക്തഭടന്മാരെയും ഒരു റിട്ട.പൊലീസ് ഉദ്യോഗസ്ഥയെയും മറ്റൊരു വനിതാ ജീവനക്കാരിയെയും നിയമിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക നിയമനം. 62 പേർ അഭിമുഖത്തിനെത്തി. നിയമനം ലഭിച്ചവർ ഇന്ന് ജോലിയിൽ പ്രവേശിക്കും.
സുരക്ഷാ ജീവനക്കാരുടെ കുറവ് മൂലം മാനസികാരോഗ്യ കേന്ദ്രത്തിൽ അടിക്കടി അന്തേവാസികൾ ചാടിപ്പോയതോടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. 470 അന്തേവാസികൾക്ക് നാല് സെക്യൂരിറ്റി ജീവനക്കാരാണ് നിലവിലുള്ളത്. അതേസമയം വനിതാ അന്തേവാസികളുടെ സുരക്ഷാ കാര്യങ്ങൾക്കായി ജീവനക്കാർ ഉണ്ടായിരുന്നില്ല. ഈ മാസം മാത്രം അഞ്ച് പേരാണ് കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ടുപേരെ കണ്ടെത്തിയിരുന്നു. ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് ചാടിപ്പോയ ഏഴാം വാർഡിൽ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനെ കണ്ടെത്തിയത് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലാണ്. പിന്നാലെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയും രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ ഓട് പൊളിച്ചായിരുന്നു പെൺകുട്ടിയുടെ പുറത്തുചാട്ടം.