1

രാമനാട്ടുകര: വെങ്ങളം ആറുവരിപാത നിർമ്മാണത്തിൽ വ്യാപക ക്രമക്കേടും ഡാറ്റാബാങ്കിൽപെട്ട സ്വകാര്യവ്യക്തികളുടെ കണ്ടൽക്കാട് നിറഞ്ഞ ചതുപ്പ്ഭൂമി നികത്തികൊടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ്ബാബുവിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു. പന്തീരങ്കാവിനും ലാന്റ് മാർക്കിനുമിടയിൽ പന്തീരാങ്കാവ് മാമ്പുഴ പാലത്തിന്റെ ഭാഗങ്ങളിലാണ് 200 ഓളം ലോഡ് കെട്ടിടാവശിഷ്ടങ്ങളും പഴകിയ മരക്കഷണങ്ങളും മാലിന്യങ്ങളും തള്ളി റോഡ് നിരപ്പാക്കാൻ ശ്രമിച്ചത്. മാത്രമല്ല റോഡിൽ നിന്നും പത്തു മീറ്ററിലധികം സ്വകാര്യ വ്യക്തികളുടെ സ്ഥലവും നികത്തിയിട്ടുണ്ട്. തുടർന്ന് ബി.ജെ.പി പ്രവർത്തകർ ലോഡുമായി വന്ന മുഴുവൻ വാഹനങ്ങളും തടഞ്ഞുവച്ചു പ്രവൃത്തി തടയുകയായിരുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള കണ്ടൽക്കാട് നിറഞ്ഞ ചതുപ്പുനിലം നികത്തിയതുമായി ബന്ധപ്പെട്ട് ഇന്നു കളക്ടർക്ക് പരാതി നല്കുമെന്നും പ്രകാശ്ബാബു പറഞ്ഞു. സംഭവമറിഞ്ഞെത്തിയ കരാർ കമ്പനിയുടെ ഉദ്വേഗസ്ഥരെയും വാഹനങ്ങളെയും പ്രതിഷേധക്കാർ തിരിച്ചയച്ചു. സമരത്തിന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ. നിത്യാനന്ദൻ, കെ.ടി സേതുമാധവൻ, ഡി.എം ചിത്രാകാരൻ, പ്രബീഷ് കെ.ടി, പ്രശാന്ത്.ഈരാറ്റിൽ, സുരേഷ്.എം.പി,ഷിബുലാൽ എന്നിവർ നേതൃത്വം നല്കി.