ksrtc

തിരുവമ്പാടി : തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം നിർത്തിവെക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് തിരുവമ്പാടി പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പഞ്ചായത്ത് അടിയന്തര യോഗം ചേർന്നത്. ഓപ്പറേറ്റിംഗ് സെന്ററുകളിലെ മെക്കാനിക്കൽ വിഭാഗം നിർത്തലാക്കുന്ന ഉത്തരവാണ് ആശങ്കയ്ക്കിടയാക്കിയത് . ഇവിടെനിന്നുള്ള ദീർഘദൂര സർവീസുകളെയും മലയോര മേഖലകളിലേക്കുള്ള സർവീസുകളെയും ബാധിക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി സർക്കാരിനോട് ആവശ്യപെട്ടു. പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ,​ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, കെ.എം.മുഹമ്മദലി ,കെ.ഡി ആന്റണി, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ലിസി സണ്ണി, രാധാമണി, ബിന്ദു ജോൺസൻ, സെകക്രട്ടറി ബിബിൻ ജോസഫ് എന്നിവർ സംസാരിച്ചു.