കുന്ദമംഗലം: പതിവായി ചീരവിത്ത് വിതയ്ക്കാതെ തന്നെ പടുമുളയിൽ നിന്ന് നൂറു മേനി വിളവ് കൊയ്ത് വിസ്മയം തീർക്കുകയാണ് ഈ ജൈവകർഷകൻ. പ്രത്യേകിച്ച് ചെലവില്ലാതെ പച്ചചീരയിലൂടെ ചെറുകുളത്തൂർ മള്ളാറുവീട്ടിൽ ചന്ദ്രനു ദിവസേന കിട്ടുന്ന ശരാശരി വരുമാനം 1200 രൂപ!.
മഞ്ഞൊടി കിഴക്കുംപാടത്തെ ഈ 64-കാരന്റെ പതിനഞ്ച് സെന്റ് സ്ഥലത്ത് ഇടതൂർന്ന് നല്ല പച്ച നിറത്തിൽ വളർന്ന് നിൽക്കുകയാണ് ചീര. പടുമുള വിപ്ലവം ഏതാണ്ട് മൂന്നു മാസത്തോളം നീളും.
ഒരിക്കൽ ചീരവിത്ത് വിതച്ചാൽ 25 ദിവസം കഴിഞ്ഞാൽ വിളവെടുപ്പിന് റെഡിയാവും. രണ്ട് മാസത്തോളം ചീര പറിച്ച് വിൽക്കാം. ഈ വിളവെടുപ്പിന് ശേഷം പിന്നീട് നെല്ലാണ് കൃഷി ചെയ്യുക. മൂന്നു മാസം കഴിഞ്ഞ് നെല്ല് വിളവെടുത്ത് കഴിഞ്ഞാൽ നിലം ഉഴുതുമറിക്കുന്നിടത്താണ് ചീര പടുമുളകളുടെ രഹസ്യം. പിന്നെ നിലം ചെറുതായി ഒന്ന് നനയ്ക്കുകയേ വേണ്ടൂ. പടുമുളയായി ചീര വീണ്ടും മുളച്ച് പൊന്താൻ തുടങ്ങും. 25 ദിവസം കഴിഞ്ഞാൽ വീണ്ടും വിളവെടുപ്പ് തുടങ്ങാം. പക്ഷേ, അത് മൂന്നു മാസം വരെ നീളും.
പടുമുള ചീരയിൽ നിന്നുള്ള വരുമാനം ബോണസ് മാത്രമല്ല, ഒരു ഭാഗ്യം കൂടിയാണെന്ന് ചന്ദ്രൻ പറയുന്നു. നാലു വർഷമായി ഈ കൃഷിരീതി തുടരുകയാണ്. പടുമുളയായതിനാൽ ചീരച്ചെടികൾ പലതും പല വലിപ്പത്തിലുള്ളവയായിരിക്കും. വലിയ ചെടികളാണ് ആദ്യം മുറിച്ചെടുക്കുക. പതിനഞ്ച് സെന്റ് സ്ഥലത്ത് നിന്ന് ദിവസേന 40 കിലോയോളം ചീര കിട്ടുന്നുണ്ട്. ചാണകപ്പൊടിയും കോഴിവളവുമാണ് ചീരയ്ക്കുള്ള പ്രയോഗം. കീടങ്ങൾക്കെതിരെ ജൈവകീടനാശിനിയും ഉപയോഗിക്കുന്നുണ്ട്.
സാധാരണ നിലയിൽ വിത്ത് വിതച്ച് കൃഷി ചെയ്യുമ്പോൾ ചെടികൾ പൊതുവെ കുറവായിരിക്കും. ചിലത് മുളയ്ക്കാതെയും വരും. പടുമുളയ്ക്ക് അത്തരം പ്രശ്നങ്ങളൊന്നുമില്ല. ചീരനിലം കൂടാതെ ഒരു ഏക്കറോളം സ്ഥലത്ത് വാഴ, പച്ചക്കറി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട് കേരളാ സോപ്‌സിൽ നിന്ന് വിരമിച്ച ചന്ദ്രൻ.
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ കുന്ദമംഗലം ബ്ലോക്ക്തല കർഷക പ്രതിനിധി കൂടിയായ ചന്ദ്രൻ പ്രദേശത്തെ ജീവകാരുണ്യപ്രവർത്തനരംഗത്ത് സജീവമാണ്.