
കോഴിക്കോട്: സർവീസ് കാലത്തും വ്യക്തിജീവിതത്തിലും നേരിടേണ്ടി വന്ന ജാതിവിവേചനത്തിന്റെ അനുഭവങ്ങളുമായി 'ഒരു ദളിതന്റെ അത്മകഥ" പുറത്തിറങ്ങി.
റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ടി.പി.ഭാസ്‌കരന്റെ ആത്മകഥയുടെ പ്രകാശനം മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. അഭിമാനബോധത്തോടെ ദളിത് മുന്നേറ്റങ്ങൾക്കായി പ്രവർത്തിച്ച ഭാസ്‌കരന്റെ ജീവിതം ചരിത്ര പാഠമാണെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർത്ഥിയായി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ദളിതനെന്ന പേരിൽ അച്ചടിച്ച പോസ്റ്റർ പിൻവലിപ്പിച്ചതും സർക്കാർ ഓഫീസിൽ ദളിത് ഫെഡറേഷന്റെ കലൻഡർ തൂക്കിയതിന് സഹപ്രവർത്തകർ അപമാനിച്ചതും കുട്ടിക്കാലത്ത് കല്യാണവീടുകളിൽ ഭക്ഷണത്തിനായി താഴ്ന്ന ജാതിക്കാർക്കുള്ള പന്തിയിൽ വിശപ്പടക്കി നിന്നതുമെല്ലാം പുസ്തകത്തിൽ തുറന്നെഴുത്തായുണ്ട്.
കെ.പി.കേശവമേനോൻ ഹാളിൽ ഒരുക്കിയ ചടങ്ങിൽ കെ.പി.രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവ്വത്തിൽ പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ.ശിവരാജ് പുസ്തകം പരിചയപ്പെടുത്തി. എൻ.പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ടി.വി.ബാലൻ, കെ.പി.സി.കുട്ടി, ബാബു വർഗീസ്, എ.ഹരിദാസൻ, പി.ടി.ജനാർദ്ദനൻ, കെ.വി.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ടി.പി.ഭാസ്‌കരൻ മറുപടി പറഞ്ഞു.