e-pos

കോഴിക്കോട്: തുടർച്ചയായി സെർവ‌ർ പണിമുടക്കുന്നത് റേഷൻ വിതരണത്തിന്റെ താളം തെറ്റിക്കുന്നു. ഫെബ്രുവരിയിലെ വിതരണം അവസാനിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സെർവർ വീണ്ടും പണിമുടക്കിയത്.

മൂന്നു ദിവസം തുടർച്ചയായി 11 മണിയ്ക്ക് ശേഷം ഒരു ഉപഭോക്താവിന് ആറും ഏഴും തവണ ഇ പോസ് മെഷീനിൽ കൈവിരൽ പതിപ്പിക്കുമ്പോൾ മാത്രമേ ഒ.ടി.പിയെങ്കിലും ലഭിക്കുന്നുള്ളൂ. ഉച്ച വരെ ഒന്നര മണിക്കൂറിൽ പൊതുവെ പത്തിൽ താഴെ ഉപഭോക്താക്കൾക്ക് മാത്രമാണ് റേഷൻ വിതരണം നടത്താൻ കഴിഞ്ഞതെന്നു റേഷൻ വ്യാപാരികൾ പറയുന്നു.

ഹൈദരാബാദിലെ ആധാർ സെർവറാണ് നിലവിൽ പ്രവർത്തനരഹിതമായതെന്നാണ് സൂചന. ഇത്തരത്തിലുള്ള സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനു വേണ്ടി ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ ഹൈദരാബാദിൽ പോയി ബന്ധപെട്ട അധികാരികളുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് ഇത്തരം സാങ്കേതിക തകരാർ പരിഹരിക്കാനായി ഹെല്പ് ഡെസ്‌ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും വ്യാപാരികൾ പറയുന്നു.