കുറ്റ്യാടി: സമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുക എന്ന സന്ദേശമുയർത്തി വേളം ഗ്രാമപഞ്ചായത്ത് പഞ്ചകർമ്മ പദ്ധതിയുമായി ജനങ്ങളിലേക്ക്. ആഘോഷങ്ങളിലെ ലഹരി ഉപയോഗം വരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിമുക്തി പ്രവർത്തനം സജീവമാക്കും. വാർഡ്തല ബോധവത്‌കരണം ഊർജ്ജിതമാക്കും. ലഹരിവിരുദ്ധ പ്രചാരണ പോസ്റ്റർ, ഉപന്യാസ മത്സരങ്ങൾ ഒരുക്കും. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബുകൾ, സൈക്കിൾ റാലി തുടങ്ങിയവ സംഘടിപ്പിക്കും.
പദ്ധതിയുടെ മുന്നോടിയായി ചേർന്ന യോഗം കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ ടി.പി.ഫർഷാദ് ഉദ്ഘാടനം ചെയ്തു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അദ്ധ്യക്ഷയായിരുന്നു. കെ.സി.ബാബു, നാദാപുരം എക്സൈസ് ഇൻസ്പെക്ടർ ടി.രമേശ്, ടി.പി.അനീഷ് കുമാർ, ടി.വി.കുഞ്ഞിക്കണ്ണൻ, കെ.സി.മുജീബ് റഹ്‌മാൻ, പി.എം. കുമാരൻ, ഇ.കെ.കാസിം, പറമ്പത്ത് രാധാകൃഷ്ണൻ, വി.കെ.അബ്ദുള്ള, സുമ മലയിൽ, കെ.വി.അരവിന്ദാക്ഷൻ, കെ. സത്യൻ, കെ.വി.നൗഫൽ, ടി.എം.രാജൻ തുടങ്ങിയവർ സംബന്ധിച്ചു.