കൽപ്പറ്റ: സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരുടെയും, താൽക്കാലിക ജീവനക്കാരുടെയും ശമ്പള പരിഷ്‌ക്കരണം, സ്ഥലംമാറ്റത്തിലെ മാനദണ്ഡങ്ങൾ, താത്ക്കാലിക നിയമനങ്ങളിലെ അന്യായ ഇടപെടൽ, താത്ക്കാലിക ജീവനക്കാരുടെ ജോലി സ്ഥിരത, സ്ഥാപനങ്ങളിലെ കാലപ്പഴക്കം വന്ന ഉപകരണങ്ങൾ മാറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സപ്ലൈകോ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കൺവൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.
സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നീണ്ടുപോവുകയാണ്. എന്നാൽ ഡെപ്യൂട്ടേഷനിൽ വരുന്നവർക്ക് പരിഷ്‌ക്കരിച്ച ശമ്പളം നൽകുന്നുമുണ്ട്. വകുപ്പ് ഭരിക്കുന്ന പാർട്ടിക്കാരുടെ ആശ്രിതർ സ്വീകാര്യമായ സ്ഥലത്ത് സീറ്റുറപ്പിക്കുകയും മറ്റ് യൂണിയനിൽപ്പെട്ടവരെ പരിഗണിക്കാതിരിക്കുകയും ചെയ്യുകയാണ്. പല സപ്ലൈകോ വിൽപ്പന ശാലകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാൻ പറ്റാത്തത്രയും മോശമായതാണ്. ഇതു മൂലം ജീവനക്കാരും, ഉപഭോക്താക്കളും തമ്മിൽ തർക്കങ്ങളും പതിവായിരിക്കുകയാണ്. താത്ക്കാലിക ജീവനക്കാർക്ക് സുരക്ഷ നൽകുന്നതിന് പകരം ഇഷ്ടക്കാരെ തിരുകി കയറ്റുകയാണെന്നും കൺവൻഷൻ ആരോപിച്ചു.
കൺവൻഷൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് എസ്.ശർമ്മ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജോ.സെക്രട്ടറി പി.വി സിജി, ജില്ലാ കമ്മറ്റിയംഗം പി.എ.മജീദ്, സെക്രട്ടറി കാസ്മി മാമ്പറ്റ, പ്രസിഡന്റ് ധന്യാ പ്രകാശ്, സംസ്ഥാന കമ്മറ്റിയംഗം മൊയ്തീൻകുട്ടി, പി.അരുൺ, കെ.അഷ്രഫ്,സുമി മാനന്തവാടി എന്നിവർ സംസാരിച്ചു.