സുൽത്താൻ ബത്തേരി: സംസ്ഥാനത്തെ ആദ്യ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ജില്ലയിൽ സജ്ജമായി. വയനാട് വന്യജീവി സങ്കേതത്തിലെ കുപ്പാടി നാലാംമൈലിൽ നിർമ്മിച്ച ആനിമൽ ഹോസ് സ്‌പെയ്സ് ആൻഡ് പാലിയേറ്റീവ് കെയർ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും.
പ്രായാധിക്യം, രോഗങ്ങൾ, പരിക്കുകൾ എന്നിവ മൂലം ജനവാസ മേഖലയിലെത്തുന്ന കടുവ, പുള്ളിപ്പുലി എന്നിവയെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനാണ് കേന്ദ്രം തുറക്കുന്നത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗ നിർദേശങ്ങൾ പാലിച്ച് 1.14 കോടി രൂപ ചെലവിലാണ് 2 ഹെക്ടർ വനഭൂമിയിൽ അനിമൽ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഒരേ സമയം 4 കടുവകളെയോ പുള്ളിപ്പുലികളെയോ വനസമാനമായ പുൽപറമ്പോടു കൂടിയ ചികിത്സാ കേന്ദ്രത്തിൽ സംരക്ഷിക്കാനാകും.
ചടങ്ങിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്ഘാടനം
നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ മക്കിയാട്, കുഞ്ഞോം മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും. വൈകീട്ട് 4.15 ന് മക്കിയാടും 5 ന് കുഞ്ഞോത്തും നടക്കുന്ന ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നബാർഡ് ഫണ്ട് ഉപയോഗിച്ച് സ്റ്റേഷൻ കെട്ടിടം, ഡോർമിറ്ററി കെട്ടിടങ്ങൾ എന്നിവയാണ് നിർമ്മിച്ചിട്ടുള്ളത്.