സുൽത്താൻ ബത്തേരി: പാർട്ടി താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ചിലർ നടത്തുന്ന ഏകാധിപത്യപരമായ നടപടിയിൽ പ്രതിഷേധിച്ച് നെന്മേനി പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാർഡുകളിൽപ്പെട്ട ഇരുനൂറോളം പ്രവർത്തകർ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും 17 വർഷത്തോളം സി.പി.എമ്മിന്റെ ഗ്രാമപഞ്ചായത്ത് മെമ്പറും, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന എം.എം.ജോർജ്, ഡ്രൈവിംഗ് സ്‌കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപി ഐക്കര, മുൻ ബ്രാഞ്ച് സെക്രട്ടറിമാരായ പി.കുപ്പുസ്വാമി, പി.കെ.ബഷീർ, എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സി.പി.ഐയിൽ ചേരുന്നത്.
ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മലവയലിൽ നടത്തുന്ന സമ്മേളനത്തിൽവെച്ച് സി.പി.ഐയിലേക്ക് എത്തിയവർക്ക് സ്വീകരണം നൽകും. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി.സുനീർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉൾപ്പെടെയുള്ള ജില്ലാ കമ്മറ്റി അംഗങ്ങളും പങ്കെടുക്കും.