photo
അറപ്പീടിക- മരപ്പാലം കൽവർട്ട് പ്രവ്യത്തി നടക്കുന്നു

ബാലുശ്ശേരി: അറപ്പീടിക- മരപ്പാലം കലുങ്ക് പുതുക്കിപ്പണിയാൻ നാട്ടുകാർ ചില്ലറയൊന്നുമല്ല കഷ്ടപ്പെട്ടത്.

അവസാനം പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടലിൽ കാര്യം സാധിച്ചു. കലുങ്ക് പുതുക്കി പണിതു തുടങ്ങി.

പക്ഷേ, 12 മീറ്റർ വീതിയുള്ള റോഡിൽ കലുങ്കിന്റെ വീതി 8 മീറ്ററായി ചുരുങ്ങും.

അറപ്പീടിക - മരപ്പാലം കൽവർട്ട് പുതുക്കിപ്പണിയാതെ ടാറിംഗ് നടത്താനുള്ള ശ്രമം നാട്ടുകാർ തടയുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പരാതി നല്കിയതിനെ തുടർന്ന് കലുങ്ക് പുതുക്കിപ്പണിയാൻ ഉത്തരവിടുകയുമായിരുന്നു. പുതുക്കിപ്പണിയലിന്റെ ഭാഗഭായി വടക്ക് ഭാഗത്ത് കലുങ്ക് പണിക്കായി റോഡ് ഏറെ ആഴത്തിൽ താഴത്തിയെങ്കിലും സർവ്വേ നടക്കാത്തതിനാൽ നിർമ്മാണം ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് ഇവിടുത്തെ ഗതാഗതം പ്രതിസന്ധിയിലുമാക്കി. ഭൂ സർവ്വേ വിഭാഗത്തി
ന്റെ സഹായം ലഭിക്കാത്തതാണ് സർവേ നടക്കാത്തതിന്റെ കാരണം.

റോഡിന് 12 മീറ്റർ വീതിയുണ്ടെങ്കിലും നിലവിലെ കലുങ്കിന് എട്ട് മീറ്റർ വീതിയാണുള്ളത്. കലുങ്കിന് സമീപമുള്ള സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്നതായും പരാതിയുണ്ട്. റവന്യൂ അധികൃതർ റോഡ് സർവ്വേ ചെയ്ത് നല്കിയില്ലെങ്കിൽ കൽവർട്ട് പഴയ രീതിയിൽ 8 മീറ്ററിൽ ഒതുങ്ങുകയും വൻ അപകട സാദ്ധ്യതയ്ക്ക് ഇത് കാരണമാവുകയും ചെയ്യും.

കൊയിലാണ്ടി - താമരശ്ശേരി താലൂക്കുകളിലെ

ചില സ്ഥലങ്ങളിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയിരിക്കുകയാണ്. ഇവിടങ്ങളിൽ നിർമ്മാണ പ്രവൃത്തി കൃത്യമായി നടക്കുന്നതിന് ഈ രണ്ട് താലൂക്കുകളിൽ നിന്നായി സർവ്വേയർമാരെ നിയോഗിച്ചിരുന്നെങ്കിലും ഇവരെ സ്ഥലം മാറ്റി മറ്റു ചുമതലകൾ നല്കിയ തോടെ പലസ്ഥലങ്ങളിലും പ്രവൃത്തികൾ താളം തെറ്റിയിരിക്കുകയാണ്.

സർവ്വേ നടക്കാത്ത പക്ഷം 8 മീറ്ററിൽ തന്നെ മാത്രമെ കൽവർട്ട് നിർമ്മിക്കാൻ കഴിയുയെന്ന് നിർമ്മാണ കമ്പനി അധികൃതരും പറയുന്നത്.സ്വകാര്യ വ്യക്തികളുടെ സർമ്മദ്ദം മൂലമാണ് റവന്യൂ

ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന ആരോപണവും നിലനില്ക്കുന്നുണ്ട്.

കൊച്ചി - മംഗളുരു , കൊച്ചി - മൈസൂർ ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.വിശാലമായ റോഡ് ചുരുങ്ങിപ്പോകുന്ന അവസ്ഥ വൻ അപകടങ്ങൾ വരുത്തി വെയ്ക്കുമെന്നിരിക്കേ , ഇത് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.