കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ പുഷ്പ ജംഗ്ഷൻ റോഡ് വികസനം അനിശ്ചിതത്വത്തിൽ നീളുമ്പോൾ വാഹനയാത്രക്കാരെന്ന പോലെ പരിസരത്തെ വ്യാപാരികളും ദുരിതക്കുരുക്കിൽ.
നവീകരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഫ്രാൻസിസ് റോഡ് മുതൽ ബീച്ച് വരെ വീതി കൂട്ടാനായിരുന്നു പദ്ധതി. അഞ്ചു വർഷം മുമ്പ് റോഡ് നവീകരണത്തിന് തുടക്കമിട്ടതാണ്. ഏതാണ്ട് 13 മീറ്റർ വീതിയിൽ 2 കിലോ മീറ്ററോളം റോഡ് വികസനം നടന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പുഷ്പ ജംഗ്ഷൻ മുതൽ മാങ്കാവ് വരെ നവീകരിക്കാൻ അനുമതിയായെങ്കിലും പ്രവൃത്തിയ്ക്ക് ഇതുവരെ തുടക്കമിടാനായില്ല.
കല്ലായ് റോഡിൽ നിന്ന് പടിഞ്ഞാറ് ഫ്രാൻസിസ് റോഡ് വരെ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നൂറു കണക്കിന് വിദ്യാർത്ഥികൾ ദിവസവും കടന്നുപോകുന്ന റോഡാണിത്. ശേഷിക്കുന്ന ഭാഗം വീതി കൂട്ടിയാൽ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പ്രശ്നം തീരും.
റോഡ് നവീകരണത്തിന്റെ ഭാഗമായി ജംഗ്ഷനിലെ ഏതാനും കടകൾ നേരത്തെ ഒഴിഞ്ഞതാണ്. എന്നാൽ അനധികൃതമായി നിർമ്മിച്ച ചില കെട്ടിടങ്ങൾ ഒഴിയാത്തതു റോഡ് നവീകരണത്തിന് തിരിച്ചടിയായി. ഇതിനെതിരെ നടപടി എടുക്കേണ്ട കോർപ്പറേഷൻ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
"പുഷ്പ ജംഗ്ഷൻ വീതി കൂട്ടാനുള്ള സ്ഥലമേറ്റെടുക്കൽ പൊതുമരാമത്ത് ആരംഭിച്ചതാണ്. നവീകരണത്തിന്റെ ഭാഗമായി സമീപത്തെ ചില കടകൾ ഒഴിഞ്ഞതുമാണ്. അനധികൃതമായി നിർമ്മിച്ച ചില കെട്ടിടങ്ങൾ ഒഴിഞ്ഞു കിട്ടാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.
കെ.മൊയ്തീൻകോയ
കുറ്റിച്ചിറ ഡിവിഷൻ കൗൺസിലർ
"രാവിലെയും വൈകിട്ടും ഇവിടെ വലിയ ഗതാഗതക്കുരുക്കാണ്. ഇനിയെങ്കിലും നവീകരണം ഉടൻ പൂർത്തിയാക്കാൻ അധികാരികൾ തയ്യാറാവണം.
അഖിൽ,
വിദ്യാർത്ഥി