കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നാളെ വൈകീട്ട് 4.30ന് ചിത്രമണ്ഡപ തടാകത്തിൽ തെപ്പോത്സവം നടക്കും. നാലിന് ക്ഷേത്രനടയിൽ ആറാട്ടുകുട കൈമാറ്റച്ചടങ്ങിന് ശേഷം നാദസ്വര കച്ചേരിയോടുകൂടി പകൽപ്പൂരം ആരംഭിക്കും. മൂന്ന് ആനകളുടെ പുറത്തേറിയുള്ള ദേവന്മാരുടെ എഴുന്നള്ളത്തിന് ബാലുശ്ശേരി കോട്ട പഞ്ചവാദ്യസംഘം അകമ്പടി സേവിക്കും. എഴുന്നള്ളത്ത് ക്ഷേത്രക്കുളത്തിനടുത്തെത്തുമ്പോൾ ദേവന്മാരെ പ്രത്യേകം തയ്യാറാക്കിയ തെപ്പരഥത്തലേക്ക് ആനയിക്കും. തടാക മദ്ധ്യത്തിലുളള ചിത്രമണ്ഡപത്തിൽ വിശേഷാൽ പൂജകൾക്കുശേഷം ദേവന്മാർ ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ തെപ്പോത്സവ ചടങ്ങുകൾ സമാപിക്കും.
ഇന്ന് രാവിലെ ഒമ്പതിന് നാരായണീയ പാരായണം, 11.30ന് മഹാവിഷ്ണു പൂജയും ഗുരുപൂജയും വൈകീട്ട് 6.30ന് ഭജന, രാവിലെ 8.30നും വൈകീട്ട് 5 മണിക്കും രാത്രി 8 മണിക്കും എഴുന്നള്ളിപ്പ് എന്നിവയും നടക്കും.