സുൽത്താൻ ബത്തേരി: വന്യജീവി ആക്രമണത്തിന് ഇരയായവർക്കുളള നഷ്ടപരിഹാര കുടിശ്ശിക മാർച്ച് മാസം മുതൽ നൽകുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ബത്തേരി കുപ്പാടിയിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ആനിമൽ ഹോസ് സ്‌പെയ്സ് ആൻഡ് പാലിയേറ്റീവ് കെയർ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവൻ നഷ്ടപ്പെട്ടവർ, പരിക്ക് പറ്റിയവർ, കൃഷിനാശം സംഭവിച്ചവർ എന്നിവർക്കായി ജില്ലയിലെ വിവിധ ഡിവിഷനുകൾക്ക് കീഴിൽ 2018 മുതലുള്ള കുടിശ്ശിക തുകയായ ഒന്നര കോടി രൂപ അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി വിതരണം ചെയ്യും. തുക നിർണയിക്കുന്നത് വനംകുപ്പിന് പുറമെ കൃഷി വകുപ്പും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ നയവും അനുസരിച്ചാണ്. ഇത് പുനപരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വന്യമൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസമില്ലാതാകുമ്പോൾ മനുഷ്യ വന്യജീവി സംഘർഷങ്ങൾക്കും പരിഹാരമുണ്ടാകും. ഇതിന്റെ ഭാഗമായിട്ടാണ് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ആനിമൽ പാലിയേറ്റീവ് കെയർ കേന്ദ്രം സ്ഥാപിച്ചിട്ടുളളത്. പ്രായാധിക്യം, രോഗങ്ങൾ, പരിക്കുകൾ മുതലായവ മൂലം ജനവാസമേഖലകളിൽ എത്തുന്ന കടുവ, പുള്ളിപ്പുലി എന്നിവയെ നിരീക്ഷിക്കുന്നതിനും, ചികിത്സിക്കുന്നതിനും വേണ്ടിയാണ് കേന്ദ്രം തുടങ്ങിയത്. പരിശീലനം ലഭിച്ച വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാകും.

കുപ്പാടിയിലെ ഗജ ഐ.ബിയിൽ നടന്ന ചടങ്ങിൽ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. പറമ്പിക്കുളം ടൈഗർ റിസർവ് ആൻഡ് സി.സി.എഫ് വൈൽഡ് ലൈഫ് കെ.വി.ഉത്തമൻ, നോർത്ത് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ.വിനോദ് കുമാർ, പി.സി.സി.എഫ് ഡി. ജയപ്രസാദ്, എ.സി.എഫ് ജോസ് മാത്യു, സി.എഫ്.ഐ. ജെ. ദേവപ്രസാദ്, വൈൽഡ് ലൈഫ് വാർഡൻ എസ്. നരേന്ദ്ര ബാബു എന്നിവർ സംസാരിച്ചു.