സുൽത്താൻ ബത്തേരി: പ്രായാധിക്യം ചെന്നതും പരിക്ക്പറ്റിയതും അസുഖബാധിതരുമായ കടുവകൾക്കും പുള്ളിപ്പുലിക്കും ഇനി കുപ്പാടി നാലാം മൈലിലെ പച്ചടി വനലക്ഷ്മി പ്ലാന്റേഷനിൽ ആരംഭിച്ച ആതുരാലയത്തിൽ വിദഗ്ധ ചികിൽസ ലഭിക്കും. ചികിൽസയ്ക്കും പരിചരണത്തിനും ശേഷം വനസമാനമായ പ്രദേശത്ത് സ്വച്ഛന്ദം വിഹരിക്കുകയും ചെയ്യാം. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ച്യാട് റെയിഞ്ചിലാണ് ആനിമൽ ഹോസ് സ്‌പെയ്സ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. മാംസഭുക്കുകളായ വന്യമൃഗങ്ങളുടെ ചികിൽസക്കും പരിചരണത്തിനുമുള്ള സംസ്ഥാനത്തെ ആദ്യത്തെ ആതുരാലയമാണ് ഇത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗ്ഗനിർദേശങ്ങൾ പാലിച്ച് 112.41 ലക്ഷം രൂപ ചെലവിലാണ് രണ്ട് ഹെക്ടർ സ്ഥലത്ത് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. കേന്ദ്രത്തിന് ചുറ്റും കിടങ്ങും വൈദ്യുത വേലിയും സ്ഥാപിച്ചിട്ടുണ്ട്.
ഒരേ സമയം 4 കടുവകളെയോ പുള്ളിപ്പുലികളെയോ ഇവിടെ സംരക്ഷിക്കുവാനാകും. വനസദൃശ്യമായ സൗകര്യങ്ങളിൽ 2 ടൈഗർ പെഡോക്കുകളും 2 ലെപ്പേർഡ് പെഡോക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.
സ്‌ക്യുസ്‌കേജ്, സിസിടിവി സംവിധാനങ്ങളോടുകൂടിയ നിരീക്ഷണ കേന്ദ്രം, വെറ്ററിനറി യൂണിറ്റ്, ഗോഡൗൺ, ജലവിതരണ സംവിധാനങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, സംരക്ഷണ വേലി എന്നിവയും ഒരുക്കിയിട്ടുണ്ട് പരിചയ സമ്പന്നരായ വെറ്ററിനറി ഡോക്ടർമാർ 2 ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെ സേവനം ലഭിക്കും.

കടുവകൾ കൂടുതൽ വയനാട്ടിൽ
സുൽത്താൻ ബത്തേരി: കേരളത്തിൽ ഏറ്റവും കൂടുതൽ കടുവകളുള്ളത് വയനാട് ജില്ലയിലാണ്. കടുവയെകൂടാതെ പുള്ളിപ്പുലികളും വയനാടൻ കാടുകളിൽ സുലഭമാണ്. വയനാട് വന്യ ജീവിസങ്കേതത്തിനെപ്പം അതിർത്തി പങ്കിടുന്ന അയൽ സംസ്ഥാനങ്ങളായ കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതവും തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കതവും ഒത്തുചേർന്ന് കിടക്കുന്ന നീലഗിരി ബയോസ്ഫിയർ മേഖലയിലാണ് ലോകത്തേറ്റവുമധികം ഏഷ്യൻ ആനകൾ ഉള്ളത്. ഇവിടെ തന്നെയാണ് റോയൽ ബംഗാൾ കടുവകളെയും കൂടുതലായി കാണുന്നത്. നാനൂറിലധികം കടുവകളാണ് ഈ മേഖലയിലായി അധിവസിക്കുന്നത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റി 2018-ൽ നടത്തിയ സെൻസസിലാണ് കടുവകളുടെ എണ്ണം വ്യക്തമാക്കുന്നത്.