കോഴിക്കോട് : പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. മുതുകാട് കരിയാത്തുംപാറ കക്കയം എന്നിവയുമായി ബന്ധപെട്ട് പെരുവണ്ണാമൂഴി ടൂറിസത്തിന് വലിയ പ്രധാന്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.3.13 കോടി രൂപയുടെ ടൂറിസം വികസനപദ്ധതിയാണ് വിനോദസഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന പെരുവണ്ണാമൂഴിയിൽ നടപ്പാക്കിയത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനായിരുന്നു പദ്ധതി നിർവഹണച്ചുമതല.

ഇന്റർപ്രെട്ടേഷൻ സെന്റർ, കാന്റീൻ, ഓപ്പൺ ക്ര്രഫീരിയ, നടപ്പാത, കുട്ടികളുടെ പാർക്ക്, ലാൻഡ് സ്‌കേപ്പിംഗ്, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, റൗണ്ട് എബൗട്ട്, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്. പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് ചുമതല എംഎൽഎ ചെയർമാനും ജില്ലാ കളക്ടർ സെക്രട്ടറിയും ഡി.ടി.പി.സി എക്സിക്യൂട്ടീവ് എൻജിനിയർ, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്ന പെരുവണ്ണാമൂഴി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്. എം.എൽ.എ ടി.പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം ജോയിന്റ് ഡയറക്ടർ സി.എൻ. അനിത കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, മെമ്പർമാരായ ഇ എം ശ്രീജിത്ത്, സി കെ ശശി ബിന്ദുവത്സൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, എക്സി. എഞ്ചിനീയർ ജയരാജൻ കനിയേരി, കേരള ടൂറിസം വകുപ് ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ്, ഡി.ടി.പി.സി അംഗം എസ്.കെ. സജീഷ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ടി. നിഖിൽ ദാമ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കോഴിക്കോട് നാന്തലക്കൂട്ടത്തിന്റെ നാടൻ പാട്ടുകളുമുണ്ടായിരുന്നു.