പുൽപ്പള്ളി: ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം കബനി നദിയിലെ ബൈരൻകുപ്പ കടവിൽ നിന്ന് പെരിക്കല്ലൂർ കടവിലേക്ക് തോണി സർവ്വീസ് പുനരാരംഭിച്ചു. മൂന്ന് സർവ്വീസുകൾക്കാണ് അനുമതി. നിലവിൽ ബൈരൻകുപ്പ കടവിൽ നിന്നുള്ള തോണിക്കാർക്കാണ് കടത്തിന് അനുമതി നൽകിയിട്ടുള്ളത്.
കബനി നദിക്ക് കുറുകെ മുള്ളൻകൊല്ലി പഞ്ചായത്തിനേയും കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പെരിക്കല്ലൂർ തോണിക്കടവിൽ കർണാടക സർക്കാരിന്റെ അനുവാദപ്രകാരം അവരുടെ ഭാഗത്തുനിന്നാണ് തോണി സർവ്വീസ് ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതിനെത്തുടർന്നാണിത്.
എന്നാൽ പെരിക്കല്ലൂർ കടവിലെ മലയാളികളുടെ തോണി സർവ്വീസ് ആരംഭിക്കാൻ അനുമതി കൊടുത്തിട്ടില്ല. വരും ദിവസങ്ങളിൽ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.
മുള്ളൻകൊല്ലിയിലെയും പുൽപ്പള്ളിയിലെയും വിദ്യാലയങ്ങളിലെത്താൻ ബൈരക്കുപ്പയിലെ വിദ്യാർത്ഥികൾക്ക് തോണി സർവ്വീസാണ് ആശ്രയമായിരുന്നത്. തോണി നിലച്ചതോടെ വിദ്യാർത്ഥികൾക്കടക്കം പുൽപ്പള്ളി മേഖലയിലെത്താൻ പറ്റാതായി. ഇവരുടെ പഠനം മുടങ്ങിയതമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ കർണാടക മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നൽകിയിരുന്നു.