പുൽപ്പള്ളി: സിനിമ പ്രേമിയായ പോസ്റ്റുമാന് സിനിമാതീയേറ്ററിൽ വച്ച് യാത്രയയപ്പ്. കബനിഗിരി പോസ്റ്റോഫീസിലെ പോസ്റ്റ് മാനായ കൃഷ്ണൻകുട്ടിക്കാണ് പുൽപ്പള്ളിയിലെ തപാൽ കുടുംബം വ്യത്യസ്ത യാത്രയയപ്പ് ഒരുക്കിയത്.
കബനിഗിരി ബ്രാഞ്ചിൽ 25 വർഷം പോസ്റ്റുമാനായിരുന്ന ചേപ്പില കൃഷ്ണൻ കുട്ടിക്കാണ് പുൽപ്പള്ളി ബ്ലൂമൂൺ തീയേറ്ററിൽ യാത്രയയപ്പ് നൽകിയത്.
വലിയ സിനിമാ പ്രേമിയായിരുന്നു കൃഷ്ണൻകുട്ടി. ഒരു സിനിമ പോലും കാണാതെ വിടില്ല. വയനാട്ടിൽ സിനിമാ തീയേറ്റർ ഇല്ലാതിരുന്ന കാലത്ത് കോഴിക്കോടും മറ്റും പോയി സിനിമ കണ്ടിരുന്നു. കൊവിഡ് കാലത്ത് മാത്രമാണ് സിനിമകാണൽ മുടങ്ങിയത്. ഇതെല്ലാം കണക്കിലെടുത്താണ് സിനിമാ തീയേറ്ററിൽ തന്നെ യാത്രയയപ്പ് ഒരുക്കിയത്.
തപാൽ വകുപ്പ് അസിസ്റ്റന്റ് സൂപ്രണ്ട് രാഗേഷ് രവി ഉപഹാരം സമ്മാനിച്ചു. പി.സി.രാജീവ്, മനോഹരൻ, ബഷീർ, ശരത് കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.