water

കോഴിക്കോട് : നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത കൗൺസിലർമാരുടെയും വാട്ടർ അതോറിറ്റി ജീവനക്കാരുടെയും സംയുക്ത യോഗത്തിലാണ് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്ക് മേയർ ഡോ.ബീനാ ഫിലിപ്പ് നിർദ്ദേശം നൽകിയത്. വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും പരാതികളും കൗൺസിലർമാർ യോഗത്തിൽ ഉന്നയിച്ചു.

പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത് ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സെക്ടർ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും യോഗം വിളിച്ചു ചേർക്കുന്നതിന് തീരുമാനമായി. കൂടാതെ കോർപ്പറേഷൻ നേരിട്ട് വാട്ടർ അതോറിറ്റിയിലെ കരാറുകാരുടെ യോഗം വിളിച്ച് അറ്റകുറ്റ പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകും. നഗരസഭാ പരിധിയിൽ പ്രവർത്തന രഹിതമായി കിടക്കുന്ന പൊതുടാപ്പുകൾ ഒഴിവാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി വാട്ടർ അതോറിറ്റി കരാറുകാർ റോഡ് മുറിക്കുമ്പോൾ യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി ഗാർഹിക കുടിവെള്ള കണക്ഷനുള്ള അപേക്ഷകൾ ഗുണഭോക്താവിന് നേരിട്ട് വാട്ടർ അതോറിറ്റിയിൽ സമർപ്പിക്കുകയോ ഇ-ടാപ്പ് എന്ന ഓൺലൈൻ സംവിധാനം വഴി അപേക്ഷിക്കുകയോ ചെയ്യാവുന്നതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സ്ഥിരം സമിതി ചെയർമാന്മാരായ പി.ദിവാകരൻ, പി.സി.രാജൻ, ഡോ.എസ്.ജയശ്രീ, കൃഷ്ണകുമാരി.കെ, ഒ.പി.ഷിജിന, കൗൺസിലർമാരായ കെ.സി.ശോഭിത, കെ.മൊയ്തീൻ കോയ, എൻ.സി.മോയിൻകുട്ടി, എസ്.കെ.അബൂബക്കർ, ടി.രനീഷ്, ഒ.സദാശിവൻ, എം.പി.സുരേഷ്, ഇ.എം.സോമൻ, വി.പി.മനോജ്, അഡ്വ.ജംഷീർ, സുജാത കൂടത്തിങ്കൽ, വി.കെ. മോഹൻദാസ്, സി.പി.സുലൈമാൻ, എം.പി.ഹമീദ്, രാജീവ്, വരുൺ ഭാസ്‌ക്കർ, എം.എൻ.പ്രവീൺ, ടി.സുരേഷ് കുമാർ,രമ്യ സന്തോഷ്, പ്രേമലത, സരിത പറയേരി തുടങ്ങിയവർ പങ്കെടുത്തു.