chikken

കോഴിക്കോട്: ചിക്കൻ വാങ്ങണമെങ്കിൽ ഇനി കൂടുതൽ പണം കൈയിൽ കരുതണം. ഒരാഴ്ചക്കിടെ 40 രൂപയോളം കൂടി 220 രൂപയായി ഇറച്ചിയുടെ വില. വേനൽ കടുത്തതും കോഴിത്തീറ്റ വില കുത്തനെ ഉയർന്നതുമാണ് കോഴിയിറച്ചി വില വർദ്ധനവിന് കാരണമായി പറയുന്നത്. അസഹ്യമായ ചൂടിൽ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങളാണ് ഫാമുകളിൽ ചത്തൊടുങ്ങുന്നത്. ചൂടുകാരണം കൂട്ടിൽ വളർത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിത്തിറ്റ വില 150യോളമാണ് വർദ്ധിച്ചത്. നിലവിൽ 1900 രൂപയാണ് തീറ്റയുടെ വില. കൊവിഡ് നിയന്ത്രണങ്ങളും കാലാവസ്ഥ വ്യതിയാനവും കാരണം കോഴിത്തീറ്റ ഉണ്ടാക്കാനുള്ള ചോളം, സോയാബീൻ തുടങ്ങിയവയുടെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ കോഴിത്തീറ്റയാണ് സംസ്ഥാനത്തെ ഭൂരിഭാഗം കർഷകരും ഉപയോഗിക്കുന്നത്. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരും വീട്ടമ്മമാരും അതിജീവനത്തിനായി കോഴി ഫാം ആരംഭിച്ചിരുന്നു. അവർക്കും കോഴിത്തീറ്റ വില വർദ്ധന തിരിച്ചടിയായിട്ടുണ്ട്. കോഴി വില വരും ദിവസങ്ങളിലും ഉയരുമെന്നാണ് കർഷകർ പറയുന്നത്. അതെസമയം ഇറച്ചിക്കും കോഴിക്കും തോന്നുംപോലെ വില ഈടാക്കുന്നതായി ആക്ഷേപമുണ്ട്.

കോഴി വില

ഫാമുകളിൽ

കോഴി - 119

ഇറച്ചി - 120

കടകളിൽ

ഇറച്ചി- 220

കഴിഞ്ഞയാഴ്ച- 180

"കോഴിത്തീറ്റ വില കഴിഞ്ഞ രണ്ടാഴ്ചയായി ചാക്കിന് മേൽ ആയിരം രൂപയോളം വർദ്ധിച്ചിട്ടുണ്ട്. ചൂട് കാരണം കോഴിക്കുഞ്ഞുങ്ങൾ ചാവുകയാണ് '. എം.താജുദ്ദീൻ,​ സംസ്ഥാന പ്രസിഡന്റ് ,​ ഓൾ കേരള പൗൾട്രി ഫാം

അസോസിയേഷൻ.

"കൊവിഡിന് ശേഷമാണ് ഫാം തുടങ്ങിയത്. തുടക്കത്തിൽ നല്ലനിലയിലായിരുന്നു, പക്ഷിപ്പനി സാരമായി ബാധിച്ചു. ഇപ്പോൾ കോഴിത്തീറ്റ വില വർദ്ധനവും പ്രയാസമുണ്ടാക്കുന്നു. " നിഷ, വീട്ടമ്മ